
തിരുവനന്തപുരം: ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തുമെന്ന് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തുക. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ അറിയിച്ചു. നിയമസഭയിൽ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാഹുലിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞിരുന്നു. പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന കസേരയുടെ തൊട്ടടുത്തായിരിക്കും രാഹുലിന് കസേര നൽകുക. 15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഒക്‌ടോബർ 10വരെയാണ് സഭ ചേരുക. മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ഇന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി പി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ പിരിയും.
Content Highlights: Rahul mamkootathil will be joining the assembly today