
പത്തനംതിട്ട: അന്വേഷണത്തോട് സഹകരിക്കാതെ പത്തനംതിട്ടയില്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍. കേസില്‍ വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പൊലീസ്. മൊബൈല്‍ ഫോണുകള്‍ സൈബര്‍ വിഭാഗത്തിന് കൈമാറും. ദമ്പതികളായ ജയേഷും രശ്മിയും കൂടുതല്‍ യുവാക്കളെ മര്‍ദ്ദിച്ചോ എന്നും അന്വേഷണം നടത്തും. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാത്രം നല്‍കാനാണ് കോയിപ്രം പൊലീസിന്റെ തീരുമാനം.
പ്രതികള്‍ ആറന്മുള പൊലീസിന് നല്‍കിയ മൊഴി കോയിപ്രം പൊലീസ് വിശദമായി പരിശോധിക്കും. രണ്ടുദിവസം വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുക. കോയിപ്രം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ആറന്മുള പൊലീസാണ്. കേസിന്റെ വിശദാംശങ്ങള്‍ ആറന്മുള പൊലീസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്.
കോഴഞ്ചേരിയില്‍ തിരുവോണ ദിവസം യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്ത് അറിയുന്നത്. ഇന്നലെ തന്നെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിലാണ് 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുകൊണ്ടുള്ള ക്രൂരത. ലക്ഷ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാവിനെ മര്‍ദ്ദിച്ചത്.
റാന്നി സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയായിരുന്നു. അവിടെ നിന്നും ബൈക്കില്‍ ജയേഷ് യുവാവിനെ കൂട്ടി വീട്ടിലേക്ക് പോയി. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂര മര്‍ദനം. യുവാവിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും 17,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ദമ്പതികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
ദമ്പതികള്‍ ആഭിചാരക്രിയ ചെയ്യാറുണ്ടെന്ന സംശയം ആക്രമണത്തിന് ഇരയായ യുവാവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഉപദ്രവിക്കുന്നതിന് മുന്‍പ് രശ്മി ഏതോ ശക്തിയോട് സംസാരിക്കുന്നത് പോലെ പെരുമാറുകയും പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കൈകൂപ്പി പിടിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. ആ വീടും അന്തരീക്ഷവും മറ്റൊരു തരത്തിലായിരുന്നുവെന്നും അത് പറഞ്ഞ് മനസിലാക്കാന്‍ കഴിയുന്നതല്ലെന്നും യുവാവ് പറഞ്ഞിരുന്നു.
അതേസമയം പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. തിരുവോണ ദിനത്തില്‍ തന്നെയാണ് ആലപ്പുഴയിലെ മറ്റൊരു യുവാവിനും പ്രതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നതെന്നാണ് വിവരം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാന്‍ തയ്യാറായില്ല, എന്നാല്‍ പത്തനംതിട്ട സ്വദേശി ഉടന്‍ തന്നെ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: Pathanamthitta couple who attacked youth are not cooperating with the investigation