ശബ്ദരേഖ; പാര്‍ട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം.

ശബ്ദരേഖ; പാര്‍ട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍
dot image

തൃശ്ശൂര്‍: സിപിഐഎം നേതാക്കള്‍ക്കെതിരായി തൃശ്ശൂരില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ശബ്ദരേഖയില്‍ പറയുന്നത് എല്ലാം തെറ്റാണെന്ന് എം കെ കണ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് അകത്ത് നിന്ന് ഒരു നീക്കം നടന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അത് പരിശോധിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേ സമയം ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി ശരത് പ്രസാദിനോട് പാര്‍ട്ടി വിശദീകരണം തേടും. ശരത് പ്രസാദിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരോപണത്തില്‍ വിശദീകരണം നല്‍കുന്നതിനായി ശരത്തിന് മൂന്ന് ദിവസമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സംഭാഷണത്തിന്റെ വീഡിയോയും കയ്യിലുണ്ടെന്ന് ശബ്ദരേഖ പുറത്തുവിട്ടവര്‍ പറയുന്നത്. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ശരത്തിന്റെ ഓഡിയോ പുറത്തുവിട്ടത്.

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശരത്തിനോട് സംസാരിക്കുന്നത് താന്‍ തന്നെയാണെന്ന് നിബിന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: E P Jayarajan responded to the audio recording that came out in Thrissur

dot image
To advertise here,contact us
dot image