'പ്രെഗ്നൻസി തടയാൻ മരുന്ന് നൽകി, അലർജിയാണെന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചു'; രാഹുലിനെതിരെ വെളിപ്പെടുത്തലുമായി യുവതി

'രാഹുലിന്റെ കൂടെയുള്ളവര്‍ ബോണ്‍ ക്രിമിനല്‍സാണ്. അതുകൊണ്ട് പേര് പുറത്ത് പറയാന്‍ എനിക്ക് ഭയമുണ്ട്'

dot image

തിരുവനന്തപുരം: ഗര്‍ഭധാരണം തടയാനുള്ള ഉദ്ദേശ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മരുന്ന് നല്‍കിയെന്ന് വെളിപ്പെടുത്തി യുവതി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം രാഹുലിന്റെ കയ്യില്‍ മരുന്നുണ്ടായില്ലെന്നും പിറ്റേന്ന് കൊണ്ടുതന്നെന്നും യുവതി പറഞ്ഞു. മെഡിസിന്‍ അലര്‍ജിയുള്ളയാളാണെന്നും മരുന്ന് കഴിക്കാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ പ്രെഗ്നന്‍സി തടയാനുള്ള ഉദ്ദേശ്യത്തില്‍ അത് കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചുവെന്ന് യുവതി വെളിപ്പെടുത്തി.

'പിന്നീട് പല തവണ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു. ഞാന്‍ ഒഴിഞ്ഞുമാറി. പുള്ളിയെ എന്നിട്ടും ഞാന്‍ വിശ്വസിച്ചു. എപ്പോഴെങ്കിലും തിരിച്ചുവരും ഓക്കെയാകുമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. അതുപോലെയായിരുന്നു പിന്നീടും പെരുമാറിയത്. എന്നെ ചീത്ത പറഞ്ഞിട്ടും പിന്നീട് എല്ലാം ഓക്കെയാക്കി. കരയുന്ന സമയത്ത് ചൈല്‍ഡിഷായിട്ട് സംസാരിക്കരുത്, ഇപ്പോഴത്തെ കുട്ടികളല്ലേ, ഇതൊക്കെ കാര്യമായി എടുക്കാമോയെന്ന് ചോദിച്ചു. പുറത്ത് പറയുമ്പോള്‍ ഐ ഡോണ്ട് കെയര്‍, ഹു കെയര്‍ എന്ന് ചോദിച്ചു. പറഞ്ഞോളൂ, പ്രശ്‌നമില്ലെന്ന് പറഞ്ഞു', യുവതി വെളിപ്പെടുത്തി.

നമ്മള്‍ സംസാരിക്കാതെ വിട്ടാല്‍ 'വൈ യു ആര്‍ അവോയ്ഡിങ്ങ് മീ' എന്ന് ചോദിക്കുമെന്നും യുവതി പറഞ്ഞു. എന്തിനാ ഒഴിവാക്കുന്നത്, എന്താ സംസാരിക്കാത്തെ, എന്തെങ്കിലും ദേഷ്യമുണ്ടോയെന്ന് ചോദിക്കുമെന്ന് യുവതി പറഞ്ഞു. അന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനല്ലെന്നും യുവതി വ്യക്തമാക്കി. തന്റെ സീനിയറിനും ഇതേ രീതിയില്‍ അനുഭവമുണ്ടായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

'നല്ല നടപടിയെടുത്തില്ലെങ്കില്‍ ഇയാള്‍ ഇനിയും ഇത് ആവര്‍ത്തിക്കും. ഐ ഡോണ്ട് കെയര്‍ എന്ന മൈന്‍ഡാണ്. സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെന്ന വിശ്വാസമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഞാന്‍ രാഹുലിനെ കണ്ടിരുന്നു. ആ സമയത്ത് തെരഞ്ഞെടുപ്പിന്റെ പേര് പോലും വന്നിരുന്നില്ല. അന്നേരം പാലക്കാട് മത്സരിക്കുന്നത് ഞാനാണെന്ന് പറഞ്ഞിരുന്നു. പലരും പരാതിപ്പെട്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ പരാതി ആരും കണ്ടില്ല. പത്ത് പേരെങ്കിലും അയാള്‍ ഇങ്ങനെയാണെന്ന് അറിയണം', യുവതി പറഞ്ഞു.

വാര്‍ത്ത വന്നപ്പോള്‍ അതില്‍ ഒരുപാടുകള്‍ കമന്റുകള്‍ കണ്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും യുവതി പറഞ്ഞു. ഒരു സ്ത്രീക്കും വെറുതെ വന്ന് പറയേണ്ട കാര്യമില്ല. ഈ പറയുന്നവരില്‍ സത്യമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. രാഹുലിന്റെ ചാറ്റിങ് രീതി കണ്ടപ്പോള്‍ തനിക്ക് മനസിലായെന്നും ഇതേ രീതിയില്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

'നീതികിട്ടുമെന്ന് തോന്നുന്നില്ല, കുടുംബത്തെ ഓര്‍ത്ത് നിയമനടപടിക്ക് പോകുന്നില്ല. ഇന്നലെ മുതല്‍ അയാള്‍ പലരെയും വിളിച്ചും മെസേജ് അയച്ചും എനിക്ക് എതിരെ ഒന്നും പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയാല്‍ വേട്ടയാടപ്പെടും. അവരുടെ വീട്ടില്‍ കൂടുതലും സ്ത്രീകളാണ്, സ്ത്രീകളെ കണ്ടാണ് അയാള്‍ വളര്‍ന്നത്. പിന്നെന്തിനാണ് ഇങ്ങനെ വാക്ക് കൊടുത്ത് പറ്റിക്കുന്നത്. ഇത്രയും അധികം ആളുകള്‍ കള്ളം പറഞ്ഞ് വരുമോ. രാഹുലിന്റെ കൂടെയുള്ളവര്‍ ബോണ്‍ ക്രിമിനല്‍സാണ്. അതുകൊണ്ട് എന്റെ പേര് പുറത്ത് പറയാന്‍ ഭയമുണ്ട്', യുവതി വെളിപ്പെടുത്തി.

Content Highlights: Women against Rahul Mamkoottathil on allegations

dot image
To advertise here,contact us
dot image