
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പരാതികൾ ഉയർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം നിരീക്ഷകന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ രണ്ടു യോഗങ്ങളിലും വോട്ടർപട്ടിക സംബന്ധിച്ച് ഒരു പരാതിയും ഉയർന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ ആക്ഷേപം ഉണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കോടതിയിൽ ഹർജി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്ന് സുനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയവൽക്കരിക്കപ്പെട്ടെന്നും തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ ശരിയെന്ന് തോന്നുന്നതാണ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഈ ആരോപണങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പത്രക്കുറിപ്പ്
2024 ലോകസഭ പൊതുതിരഞ്ഞെടുപ്പിൽ തൃശൂർ ലോകസഭ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നു എന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ വി എസ് സുനിൽകുമാർ 07.08.2025 ന് മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടിയായി വോട്ടർ പട്ടിക തയ്യാറക്കൽ സംബന്ധിച്ച വിശദവിവരം ചുവടെ ചേർക്കുന്നു. 2024 ലോകസഭ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന 2024 പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 27.10.2023 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചരുന്നതും ആയതിന്റെ പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും സൌജന്യമായി അനുവദിച്ചിരുന്നതുമാണ്. കരട് പട്ടികയിൽ അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിന് ബഹു. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സമയ പരിധിയായ 27.10.2023 മുതൽ 09.12.2023 വരെ ടി പട്ടികയിന്മേൽ തൃശൂർ ലോകസഭ മണ്ഡലപരിധിയിൽ ആകെ 45924 ഫോറം 6 ( പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും ആയതിൽ 42807 എണ്ണം അംഗീകരിക്കുകയും 3117 എണ്ണം നിരസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആകെ 25194 എണ്ണം ഫോറം 7 ( പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും ആയതിൽ 24472 എണ്ണം അംഗീകരിക്കുകയും 722 എണ്ണം നിരസിച്ചിട്ടുളളതുമാണ്. ഒപ്പം 14068 ഫോറം 8 ( പട്ടികയിൽ തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ) ലഭിക്കുകയും ആയതിൽ 13264 എണ്ണം അംഗീകരിക്കുകയും 804 എണ്ണം നിരസിക്കുകയും ചെയ്തു. ഇത്തരത്തിൽ നിശ്ചിത സമയപരിധിയിൽ ലഭ്യമായ എല്ലാ ആക്ഷേപങ്ങളും അവകാശങ്ങളും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തീർപ്പാക്കിയിട്ടുള്ളതും 22.01.2024 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. അന്തിമ വോട്ടർപട്ടികയുടെ പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി അനുവദിച്ചിരുന്നതുമാണ്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ആക്ഷേപങ്ങളിലും അവകാശങ്ങളിലും സ്വീകരിച്ച നടപടി പ്രതിവാര അടിസ്ഥാനത്തിൽ നോട്ടീസ് ബോർഡിലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് അംഗീകൃത രാഷ്ട്രിയ പാർട്ടികൾക്ക് നൽകിയിട്ടുള്ളതും അവരുടെ പ്രതിനിധികളുടെ യോഗത്തിൽ ആയത് പരിശോധിക്കുന്നത് എങ്ങനെ എന്ന് വ്യക്തമാക്കി നൽകിയിട്ടുള്ളതുമാണ്. പത്രമാധ്യമങ്ങൾ വഴിയും അറിയിപ്പ് നൽകിയിരുന്നു.
ഈ കാലയളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസമാർ സ്വീകരിച്ച നടപടി സംബന്ധിച്ച് അപ്പീലുകൾ ഒന്നും തന്നെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല.പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ കഴിഞ്ഞ് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ തുടർച്ചയായ പുതുക്കലിന്റെ ഭാഗമായി 10.12.2023 മുതൽ 25.03.2024 വരെ ആകെ 73731 എണ്ണം ഫോറം 6 ലഭിക്കുകയും ആയതിൽ 67670 എണ്ണം അംഗീകരിക്കുകയും 6061 എണ്ണം നിരസിച്ചിട്ടുള്ളതുമാണ്. ഒപ്പം 10.12.2023 മുതൽ 16.03.2024 വരെ ആകെ 25264 എണ്ണം ഫോറം 7 ലഭിക്കുകയും ആയതിൽ 22061 എണ്ണം അംഗീകരിക്കുകയും 3203 എണ്ണം നിരസിച്ചിട്ടുള്ളതുമാണ് . കൂടാതെ ഇതേ കാലയളവിൽ ആകെ 26948 എണ്ണം ഫോറം 8 ലഭിക്കുകയും ആയതിൽ 25351 എണ്ണം അംഗീകരിക്കുകയും 1597 എണ്ണം നിരസിച്ചിട്ടുള്ളതുമാണ്. ഇത്തരത്തിൽ തുടർച്ചയായ പുതുക്കൽ പൂൂർത്തിയാക്കി 04.04.2024 ന് 2024 ലോകസഭ പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി.
ഈ വേളയിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിച്ച നടപടി സംബന്ധിച്ച് അപ്പീലുകൾ ഒന്നും തന്നെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയുടെ പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി അനുവദിച്ചിരുന്നതുമാണ്, ബഹു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള ഉത്തരവുകൾക്കും രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴേസ് റൂൾസ് 1960 നും വിധേയമായി ബഹു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയപരിധി പാലിച്ചു കൊണ്ടാണ് 2024 ലോകസഭ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായ തൃശൂർ ലോകസഭ മണ്ഡലത്തിലെ വോട്ടർ പട്ടിക തയ്യാറാക്കൽ പ്രക്രിയ നടന്നിട്ടുള്ളത്. പട്ടിക തയ്യാറാക്കുന്ന എല്ലാ വേളയിലും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും, ഇലക്ടറൽ റോൾ ഒബ്സർവറുടെയും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും അദ്ധ്യക്ഷതയിൽ ചേർന്നിരുന്നതും പട്ടിക സംബന്ധിച്ച വിശദാംശം കൈമാറിയിരുന്നതുമാണ്. ബൂത്ത് തലത്തിൽ, ബൂത്ത് ലെവൽ ഓഫീസർമാരുടെയും, ബൂത്ത് ലെവൽ ഏജന്റുമാരുടെയും യോഗവും ചേർന്നിരുന്നു.
ലോകസഭാ തിരഞ്ഞെടുപ്പ് വേളയിൽ തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലേക്ക് ബഹു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ജനറൽ ഒബ്സർവർ, പോലീസ് ഒബ്സർവർ, എക്സ്പെഡീച്ചർ ഒബ്സർവർ എന്നിവരുടെ ഔദ്യോഗിക ഫോൺ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കിയിരുന്നതും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മത്സരാർത്ഥികളുടെ ഏജന്റുമാരുടെയും യോഗം ഒബ്സർമാരുടെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നതുമാണ്. ഈ വേളയിൽ ഒന്നും തന്നെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വന്നിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജനറൽ ഒബ്സർവറുടെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പ് സ്ക്രൂട്ടിനി യോഗത്തിലും വോട്ടർ പട്ടിക സംബന്ധിച്ച അപാകതകൾ സ്ഥാനാർത്ഥിയോ ഇലക്ഷൻ ഏജന്റോ ചൂണ്ടി കാണിച്ചിട്ടില്ലാത്തതുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഐ എ എസ് അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ ആക്ഷേപം ഉള്ള പക്ഷം, തിരഞ്ഞെടുപ്പ് ഹർജി നിശ്ചിത സമയപരിധിക്കുള്ളിൽ ബഹു. ഹൈക്കോടതിയിൽ നൽകേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Election Commission responds to vs sunilkumar on allegations of irregularities in Lok Sabha elections