
കൊച്ചി: ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികരും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട് എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം. 'ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും മര്‍ദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു.. ഇനിയെങ്കിലും ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക..' എന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ കഴിഞ്ഞ ദിവസമാണ് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് അക്രമത്തിന് ഇരയായത്.
70 പേരടങ്ങുന്ന പ്രവര്‍ത്തകരാണ് ഇവരെ കയ്യേറ്റം ചെയ്തത്. ചരമ വാര്‍ഷികത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കുര്‍ബാനയ്ക്ക് എത്തി തിരിച്ചു പോകവെയാണ് ആക്രമണം നേരിട്ടതെന്ന് മലയാളി വൈദികന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. ഒമ്പത് മണിയോടെ വണ്ടിയില്‍ തിരിച്ചു വരുന്നതിനിടെ എണ്‍പതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുകയും വാഹനം തടയുകയും ചെയ്തുവെന്ന് ആക്രമണം നേരിട്ട ഫാദര്‍ ലിജോ നിരപ്പേല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്.
Content Highlights: Education Minister V Sivankutty responds to the attack on nuns and Malayali priests in Odisha