ബിലാലിനെയും വെറുതേ വിട്ടില്ല അല്ലേ!, ബിഗ് ബിയിലെ ഹിറ്റ് ഡയലോഗ് കോപ്പിയടിച്ച് തമിഴ് സിനിമ; കണ്ടുപിടിച്ച് ഫാൻസ്

ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയി എത്തിയ ബിഗ് ബി തിയേറ്ററിൽ പരാജയമായെങ്കിലും പിന്നീട് ഒരു കൾട്ട് സിനിമയായി മാറി

dot image

അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ബിഗ് ബി. ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയി എത്തിയ സിനിമ തിയേറ്ററിൽ പരാജയമായെങ്കിലും പിന്നീട് ഒരു കൾട്ട് സിനിമയായി മാറി. നിരവധി ഐകോണിക് മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ്‌ ബിഗ് ബി. ചിത്രത്തിലെ 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് വളരെ പ്രശസ്തമാണ്. ഇപ്പോഴിതാ ഈ ഡയലോഗിനെ കോപ്പിയടിച്ചിരിക്കുകയാണ് ഒരു തമിഴ് സിനിമ.

അരുൺ വിജയ് നായകനായി എത്തുന്ന രെട്ട തല എന്ന സിനിമയിലാണ് ബിഗ് ബിയിലെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. 'ഗോവ പഴയ ഗോവ അല്ല പക്ഷെ ഉപേന്ദ്ര പഴയ ഉപേന്ദ്ര തന്നെയാണ്' എന്നാണ് സിനിമയിലെ ഡയലോഗ്. സിനിമയുടെ ടീസർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ കോപ്പിയടിയെ ആരാധകർ പൊക്കിയിട്ടുണ്ട്. അരുൺ വിജയ് ഡബിൾ റോളിലാണ് രെട്ട തലയിൽ എത്തുന്നത്. ക്രിസ് തിരുക്കുമാരൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ, യോഗി സാമി, ജോൺ വിജയ്, ഹരീഷ് പേരടി, ബാലാജി മുരുകദോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയിൽ ബാല, മനോജ് കെ ജയൻ, വിനായകൻ, പശുപതി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദ് മരിക്കാർ, ആൻ്റോ ജോസഫ് എന്നിവരായിരുന്നു സിനിമ നിർമിച്ചത്. സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ വിവേക് ഹർഷൻ എഡിറ്റിംഗ് കൈകാര്യം ചെയ്തു. ഗോപി സുന്ദർ സിനിമയ്ക്കായി പശ്ചാത്തലസംഗീതം ഒരുക്കിയപ്പോൾ അൽഫോൻസ് ജോസഫ് പാട്ടുകൾ ഒരുക്കി.

Content Highlights: Bilal dialogue copied in arun vijay film

dot image
To advertise here,contact us
dot image