
തിരുവനന്തപുരം: ദളിത് വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരായ അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ ഇടപെട്ട് എസ്‌സി/ എസ്ടി കമ്മീഷന്‍. വിഷയത്തില്‍ പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എസ്‌സി/എസ്ടി കമ്മീഷന്‍ ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റ് ദിനു വെയിലാണ് അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്‌സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും പരാതി നല്‍കിയത്.
ഇന്ന് രാവിലെയാണ് അടൂരിനെതിരെ ദിനു വെയില്‍ പരാതി നല്‍കിയത്. ഇമെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. അടൂര്‍ തന്റെ പ്രസ്താവനയിലൂടെ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ മനസില്‍ എസ്‌സി/എസ്ടി സമൂഹത്തിനെതിരെ അനിഷ്ടം വളരാന്‍ സാധ്യതയുണ്ട്. അടൂരിന്റെ പ്രസ്താവനയില്‍ ഇത് പൊതു ഫണ്ടാണെന്നും അവരെ പറഞ്ഞു മനസിലാക്കണമെന്നും പറയുന്നുണ്ട്. ഇതിന് പുറമേ 'അവര്‍ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തു തരും, അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം' എന്നും പറയുന്നു. ഇങ്ങനെ പറയുന്നതിലൂടെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നു. ഇത് സെക്ഷന്‍ 3(1)(ആര്‍) പ്രകാരമുള്ള ഇന്റന്‍ഷണല്‍ ഹുമിലിയേഷനാണ്. വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തെങ്കിലും, പ്രസ്തുത വേദിയില്‍ ഉണ്ടായിരുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തതുവഴി ഇത് കാണുന്ന താനടങ്ങുന്ന എസ്‌സി/എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നുവെന്നും ദിനു വ്യക്തമാക്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌സി/എസ്ടി കമ്മീഷന്റെ ഇടപെടല്‍.
ഇന്ന് മാധ്യമങ്ങളെ കണ്ട അടൂര്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞു. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താന്‍ ഉത്തരവാദിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവര്‍ സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഉന്നമനം തന്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കില്‍ ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും തന്നെ വന്നുകണ്ടിട്ടുണ്ട്. അവരുടെ പടം കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ട്രെയിനിംഗ് വേണമെന്ന് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തിനെതിരെ വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കിയ സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പ്പാടത്തിനെയും അദ്ദേഹം വിമര്‍ശിച്ചു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവര്‍ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. താന്‍ പറഞ്ഞത് എന്താണെന്ന്
മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാന്‍. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതില്‍ കൂടുതല്‍ അവര്‍ക്കെന്താ വേണ്ടതെന്നും അടൂര്‍ ചോദിച്ചിരുന്നു.
സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പ്പാടത്ത് വേദിയില്‍വെച്ചുതന്നെ പ്രതികരിച്ചു. തൊട്ടുപിന്നാലെ പ്രതികരിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വെച്ചുതന്നെ അടൂരിന് മറുപടി നല്‍കി. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കംവെയ്ക്കുന്ന പ്രതികരണമാണ് അടൂരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിനിമാ കോണ്‍ക്ലേവ് സമാപിച്ചതിന് പിന്നാലെ പുഷ്പവതി പ്രതികരിച്ചിരുന്നു. അടൂര്‍ പരാമര്‍ശം നടത്തുമ്പോള്‍ വേദിയില്‍ നിന്ന് നിറയെ കയ്യടിയുണ്ടായി. ഇത് അത്ഭുതപ്പെടുത്തിയെന്നും പുഷ്പവതി പറഞ്ഞു. ഇതിന് പിന്നാലെ അടൂരിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, സംവിധായകന്‍ ആര്‍ ബിജു, ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Content Highlights- Sc/st commission ask police to submit report over controversial statement of director adoor gopalakrishnan in Cinema Conclave