
തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവർ സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂർ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഉന്നമനം തൻ്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കിൽ ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും തന്നെ വന്നുകണ്ടിട്ടുണ്ട്. അവരുടെ പടം കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവർക്ക് ട്രെയിനിംഗ് വേണമെന്ന് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശത്തിനെതിരെ വേദിയിൽ വെച്ച് തന്നെ മറുപടി നൽകിയ സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്തിനെയും അദ്ദേഹം വിമർശിച്ചു. 'സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവർ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാൻ പറഞ്ഞതെന്താണ് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാൻ. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതിൽ കൂടുതൽ അവർക്കെന്താ വേണ്ടത്?', അദ്ദേഹം പറഞ്ഞു.
ഇന്നുതന്നെ മറ്റൊരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ പുഷ്പവതിക്കെതിരെ മോശമായ ഭാഷയിലാണ് അടൂർ പ്രതികരിച്ചത്. വഴിയെ പോകുന്ന എല്ലാ സ്ത്രീകൾക്കും കയറി വർത്തമാനം പറയാനുള്ള സ്ഥലമാണോ കോൺക്ലേവെന്നും ഇത് ചന്തയൊന്നുമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തവകാശമാണതെന്നും ആരാണവർക്ക് മൈക്ക് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
അടൂരിന്റെ വാക്കുകൾ
ഞാൻ പറഞ്ഞത് നിങ്ങളുടെ കയ്യിലുണ്ട്. ഞാൻ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമായി പറഞ്ഞോ? പറഞ്ഞെങ്കിൽ ഞാൻ പരമാവധി ക്ഷമാപണം നടത്താം. നിങ്ങളുടെ വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഞാൻ അവർക്ക് ട്രെയിനിംഗ് കൊടുക്കണമെന്നാണ് പറഞ്ഞത്. അറിവുകേടുകൊണ്ടാണ് വേറെ രീതിയിൽ അതിനെയെടുത്തത്. സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാൻ. യാതൊരു മുൻ പരിചയവുമില്ലാത്തവർക്കാണ് സിനിമയെടുക്കാൻ സർക്കാൻ സഹായം നൽകുന്നത്. അവർക്ക് മൂന്നുമാസത്തെ ഓറിയന്റേഷൻ വേണമെന്നാണ് ഞാൻ പറഞ്ഞത്. കവിതയെഴുതാനും കഥയെഴുതാനുമെല്ലാം അക്ഷരവിദ്യാഭ്യാസം വേണ്ടേ? പടം എടുക്കുന്നവർക്ക് ഇതിലെല്ലാം അറിവുവേണം.
സർക്കാർ ഫണ്ട് ചെയ്ത് ഇറക്കുന്ന സിനിമകൾക്ക് സാമൂഹ്യ പ്രാധാന്യം വേണം. അവർ സിനിമയെ പഠിക്കണം. പ്രത്യേകിച്ച് സ്ത്രീകളും എസ് സി, എസ് ടി വിഭാഗക്കാരും ഈ രംഗത്ത് തുടർന്നും ഉണ്ടാകണം. അവരുടെ ഉന്നമനം എൻ്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കിൽ ആഗ്രഹം മാത്രം പോരാ, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും എന്നെ വന്നുകണ്ടിട്ടുണ്ട്, അവരുടെ പടം പലതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവർക്ക് ട്രെയിനിംഗ് വേണമെന്ന് ഞാൻ പറഞ്ഞത്. സർക്കാർ കാശുകൊടുക്കുന്നത് അവർക്കിടയിൽ നിന്ന് നല്ല സിനിമകൾ വരണം എന്നുള്ളതുകൊണ്ടാണ്. ഇന്ന് ഫോണിൽ വേണമെങ്കിലും സിനിമയെടുക്കാം. ഈ പണം കൊണ്ട് മൂന്ന് സിനിമയെടുക്കാം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവർ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാൻ പറഞ്ഞതെന്താണെന്ന് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാൻ. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്.
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
Content Highlights:adoor gopalakrishnan on his controversy speech