
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് അറസ്റ്റിലാക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമെന്ന് മന്ത്രി വി ശിവൻകുട്ടി. അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ സംഭവം ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ കേരളത്തിൽ തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങളിൽ ന്യൂനപക്ഷ സംരക്ഷകരായി അവർ രംഗപ്രവേശം ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായി ഒമ്പതാം ദിവസമാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Content Highlights: v sivankutty against bjp on nun's arrest