
കോഴിക്കോട്: സംഘടനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ കൊരൂല്‍ ത്വരീഖത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഘടനയില്‍ നിന്നും പുറത്തുവന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴും അതില്‍ നിന്ന് പുറത്തുവന്നപ്പോഴും നേരിട്ട കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തിയാണ് പരാതി നല്‍കിയത്.
സംഘടന വിടുന്നവരുമായി ഭാര്യയോ ഭര്‍ത്താവോ ആണെങ്കില്‍ പോലും ബന്ധം അവസാനിപ്പിക്കണം, പാലിക്കാത്തവര്‍ക്ക് ശിക്ഷ ലഭിക്കും, സംഘടനയുടെ ഉള്ളില്‍ നിന്നുള്ളവരുമായി മാത്രമെ വിവാഹം പാടുള്ളൂ. വിവാഹം കഴിക്കാത്തവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിരോധനം, ആഴ്ചയിലെ നിര്‍ബന്ധിത ക്ലാസില്‍ പങ്കെടുക്കാത്തവരുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യല്‍, പുരുഷന്മാര്‍ താടിവെക്കുന്നത് നിരോധിക്കുക തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ സംഘടനയ്ക്കകത്ത് നടക്കുന്നുവെന്നാണ് പരാതി.
കൊരൂല്‍ ത്വരീഖത്തിന്റെ പ്രവാചകനായി അവര്‍ വിശ്വസിക്കുന്ന ഷാഹുല്‍ ഹമീദ് എന്നയാള്‍ പറയുന്നതിനനുസരിച്ച് വോട്ട് രേഖപ്പെടുത്തണം, അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ അവകാശമില്ല, സൊസൈറ്റിയുടെ പണമിടപാടുകള്‍ ഓഡിറ്റ് ചെയ്യാറില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അംഗങ്ങളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തുകയും അതില്‍ ചെറിയൊരു ശതമാനം മാത്രം ദാനം ചെയ്യാനായി ഉപയോഗിക്കുകയും ബാക്കിയുള്ള തുക സ്വകാര്യ സ്വത്തായി ഉപയോഗിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിയും 'സക്കാത്ത്' ഫണ്ടായി 3000 രൂപ വീതം ഓരോ വര്‍ഷവും സംഘടനയ്ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. പണം നല്‍കാത്തവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്നും ഇത് നിര്‍ബന്ധിത പിരിവാണെന്നും പരാതിയില്‍ പറയുന്നു.
കേട്ടുകേള്‍വിയില്ലാത്ത കടുത്ത നിയമാവലികളാണ് അംഗങ്ങളെ അടിച്ചേല്‍പ്പിക്കുന്നത്. ഏതെങ്കിലും നിര്‍ദേശങ്ങള്‍ ആരെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ അവരെ പുറത്താക്കുകയാണ് സംഘടനാ രീതി. സംഘടനയിലെ നിയമങ്ങള്‍ അംഗങ്ങളെ ശ്വാസം മുട്ടിക്കുന്ന വിധത്തിലാണെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കൊരൂല്‍ ത്വരീഖത്തിന് അംഗങ്ങളുള്ളത്.
Content Highlights: Human Right Organization Case against Korul Tariqat