ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; സ്ഥായിയായ നിലപാടായി കാണേണ്ട: കെ സുരേന്ദ്രന്‍

കേരളത്തിലെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളംവെയ്ക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ല. ഛത്തീസ്ഗഡിലെ വിഷയം ഇപ്പോള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളംവെയ്ക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ദുഷ്ടലാക്കാണിത്. നിലവിലെ ഐക്യം തകര്‍ക്കേണ്ട എന്ന ഉദ്ദേശത്തിലാണ് കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ സമീപനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്. അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഛത്തീസ്ഡില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയം ഉന്നയിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 2022ല്‍ കേരളത്തിലെ പൊലീസ് ഇതേ വിഷയത്തില്‍ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ നിന്നും കന്യാസ്ത്രീകള്‍ അന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. അന്ന് കേരള പൊലീസ് കേസെടുത്തപ്പോള്‍ ഇവിടെ ഒരു ബഹളവും ഉണ്ടായില്ല. മതപരിവര്‍ത്തനം വ്യാപകമായി നടക്കാത്ത കേരളത്തിലെ സാഹചര്യം അല്ല മറ്റ് സംസ്ഥാനങ്ങളില്‍. മന്ത്രി വി ശിവന്‍കുട്ടി നാല് വോട്ട് എങ്ങനെ കരസ്ഥമാക്കം എന്നുള്ള നോട്ടത്തിലാണ്. ബിഷപ്പുമാരെ നികൃഷ്ട ജീവികള്‍ എന്ന് തങ്ങള്‍ ആരും വിളിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തേ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ചും വിഷയത്തില്‍ നിലപാട് പറഞ്ഞും ക്ലിമിസ് ബാവ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണം ശരിയല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ പറയുന്നതെന്നും എങ്കില്‍ പിന്നെ കല്‍ത്തുറുങ്ക് എന്തിനാണെന്നും ക്ലിമിസ് ബാവ ചോദിച്ചിരുന്നു. അവരെ തുറന്നുവിട്ടാല്‍ പോരേ എന്നും അദ്ദേഹം ആരാഞ്ഞിരുന്നു. സന്യാസിനിമാര്‍ ഭാരതത്തിന്റെ പൈതൃകം പേറുന്ന പെങ്ങന്മാരാണെന്നും അവര്‍ മതേതര ഭാരതത്തിന്റെ അഭിമാനമാണെന്നും ക്ലിമിസ് ബാവ പറഞ്ഞു. 'ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ച ക്ലിമിസ് ബാവ അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാര്‍ എന്നും പറഞ്ഞു. ആര്‍ഷ ഭാരതത്തിന് അഭിവാജ്യഘടകമാണ് അവര്‍. അവരുടെ സമര്‍പ്പണം എക്കാലവും ഓര്‍മിക്കപ്പെടണം. സന്യാസിനിമാര്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടു. ജാമ്യം നിഷേധിച്ചപ്പോള്‍ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആര്‍ഷ ഭാരത സംസ്‌ക്കാരമെന്ന് ക്ലിമിസ് ബാവ ചോദിച്ചിരുന്നു.

Content Highlights- Bjp leader k surendran against Baselios Cleemis on his statement about malayali nuns arrest

dot image
To advertise here,contact us
dot image