'പ്രതിഷേധമുയരണം, നരേന്ദ്ര 'ഭീതി' യാണ് ഇന്ത്യ ഭരിക്കുന്നത്';കന്യാസ്‌ത്രീകളുടെ അറസ്റ്റിൽ മന്ത്രി മുഹമ്മദ് റിയാസ്

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്

dot image

റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുവരെയും ജയിലിൽ അടച്ചതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്നും ജയിലിലായത് ഇന്ത്യയുടെ ഭരണഘടന തന്നെയാണെന്നും മന്ത്രി പറഞ്ഞു. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടും സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കന്യാസ്ത്രീകളെ ബജ്‌രംഗ് ദള്ളിന് എറിഞ്ഞുകൊടുത്തു. ആ ഉദ്യോഗസ്ഥർക്ക് നേരെ കർശന നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ക്രിസ്ത്യൻ മതപുരോഹിതർക്ക് നേരെയും ന്യൂനപക്ഷങ്ങൾക്ക് നേരെയും ആക്രമണം വർധിക്കുകയാണ്. നരേന്ദ്ര മോദിയല്ല, നരേന്ദ്ര 'ഭീതി'യാണ് ഇന്ത്യ ഭരിക്കുന്നത്. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തിൽ ആരൊക്കെയാണ് ശത്രുക്കൾ എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ നടക്കാത്ത ഒരേയൊരു സംസ്ഥാനം ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ സംഭവസമയത്തെ പ്രതികരണം നിർണ്ണായകമാകുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോയതെന്നും ആരുടേയും നിർബന്ധം ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകയോട് ഒരു പെൺകുട്ടി പറയുന്നത് റിപ്പോർട്ടറിന് ലഭിച്ചു. തങ്ങൾ ക്രൈസ്തവ വിശ്വസികളാണ് എന്നും പെൺകുട്ടി പറയുന്നുണ്ട്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. പാചക ജോലിക്കായാണ് സിസ്റ്റർമാർക്കൊപ്പം പോകുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന യുവാവും പറയുന്നുണ്ട്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്രതിരിച്ചതെന്നും പെൺകുട്ടി പറയുന്നുണ്ട് എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.

Also Read:

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. ഇരുവരും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.

Content Highlights: muhammad riyas against modi on malayali nuns arrest

dot image
To advertise here,contact us
dot image