
തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്‌ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് കെസിബിസി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഛത്തീസ്ഗഡിൽ നടന്ന സംഭവത്തിൽ സഭക്ക് പ്രതിഷേധവും വേദനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്യാസിനി വേഷത്തിൽ രണ്ട് സഹോദരിമാരെ പിടികൂടിയ സംഭവത്തിൽ നേരിട്ടത് വലിയ അപമാനം. ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സഞ്ചാര സ്വാതന്ത്ര്യവും മത സ്വതന്ത്രവും ചോദ്യം ചെയ്യപ്പെട്ടു. രാജ്യത്തിൻ്റെ സംസ്കൃതിയെ വെല്ലുവിളിക്കുന്ന പ്രവർത്തനമാണ് നടന്നത്. നീതി നടപ്പാക്കി ന്യായം തിരികെ കൊണ്ടുവരണമെന്നും മത സ്വതന്ത്ര്യം തിരിച്ച് കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് സഭ ആവശ്യപ്പെടുന്നു. ഇതേക്കുറിച്ച് ഭരണാധികാരികൾ സംസാരിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ കാണാത്തതാണ് ഛത്തിസ്ഗഡിൽ കാണുന്നത്. മധ്യപ്രദേശിലും സമാന്യമായ പ്രശ്നമുണ്ട്. ബിജെപി ഭരിക്കുന്ന എല്ലാ സ്ഥലത്തും ഈ പ്രശ്നം കാണുന്നില്ല. സർക്കാർ ചെയ്യിപ്പിച്ചുവെന്ന ആരോപണം പറഞ്ഞ് സംതൃപ്തി അടയുന്നില്ല. ഭരിക്കുന്നവർ അനുകൂല നടപടിയെടുത്ത് സഭയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ പ്രധാനമന്ത്രിയെ കാണുന്നത് അപരാധമായി ചിത്രീകരിക്കരുത്. പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടാണോ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെ'ന്നും ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചോദിച്ചു. രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണ് അതൊക്കെ. ആശ്വാസകരമായ ഒരു നടപടിയും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ക്രൈസ്തവ സഭയുടെ ആശങ്കകൾക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ നടപടികളിൽ ഒരു പുരോഗതിയും കാണുന്നില്ല. പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
Content Highlights: Cardinal Baselios Cleemis About Malayali Nuns Arrest At Chhattisgarh