
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണം മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തത് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് നടപടി നേരിട്ട എ ജലില്‍. രതീഷ് എന്നയാളാണ് താനും പാലോട് രവിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നും ഫോണ്‍ സംഭാഷണം അയച്ചുകൊടുത്തതിൽ തനിക്ക് തെറ്റുപറ്റിയെന്നും ജലീല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'സംഘടനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള, എനിക്ക് സ്വാതന്ത്ര്യമുള്ള നേതാവ് എന്ന നിലയിലാണ് അങ്ങനെയെല്ലാം സംസാരിച്ചത്. സംസാരിച്ചതില്‍ തെറ്റില്ല, ഒരാള്‍ക്ക് പങ്കുവെച്ചതില്‍ എനിക്ക് തെറ്റ് പറ്റി. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ നല്ലൊരു സ്ഥാനത്ത് എത്തേണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഞാന്‍ കാരണം ഇത്തരമൊരു നഷ്ടം പാലോട് രവിക്ക് സംഭവിച്ചതില്‍ ദുഃഖമുണ്ട്', എ ജലീല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്നലെയായിരുന്നു പാലോട് രവിയും എ ജലീലും തമ്മിലുള്ള ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടത്. ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെക്കുകയും വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരമായിരുന്നു പാലോട് രവിയുടെ രാജി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറയുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും ഫോണ്‍ സംഭാഷണത്തിൽ പറയുന്നു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തനാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
Content Highlights: a jaleel Reaction Over palode ravi controversial phone call