
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. വി എസുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നതെന്നും തനിക്ക് സഹോദര തുല്യനായ സഖാവായിരുന്നു വി എസെന്നും യൂസഫലി പറഞ്ഞു. വി എസ് തന്റെ അബുദാബിയിലെ വസതി സന്ദര്‍ശിച്ചതടക്കമുളള ഓര്‍മ്മകളും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പങ്കുവെച്ചു.
'2017-ല്‍ യുഎഇ സന്ദര്‍ശിച്ച അവസരത്തില്‍ അബുദാബിയിലെ എന്റെ വസതിയില്‍ അദ്ദേഹമെത്തിയത് ഒരു ഓര്‍മ്മയായി ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയര്‍മാനായിരുന്ന വിഎസിനൊപ്പം ഡയറക്ടര്‍ ബോര്‍ഡംഗമായി അഞ്ചുവര്‍ഷം എനിക്ക് അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. കൊച്ചി സ്മാര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാന്‍ അവസരങ്ങളുണ്ടായി. കേരളത്തിലെ എന്റെ ആദ്യ സംരംഭമായ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ചെളിയില്‍ നിന്നും വിരിയിച്ച താമര എന്നായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെ അദ്ദേഹം അന്ന് പരാമര്‍ശിച്ചത്. ബോള്‍ഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സത്യസന്ധനായ കച്ചവടക്കാരന്‍ എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞത്. എന്റെ സഹോദര തുല്യനായ സഖാവ് വി എസിന്റെ വേര്‍പാട് താങ്ങാനുളള കരുത്ത് കുടുംബാംഗങ്ങള്‍ക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'- എം എ യൂസഫലി കുറിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് വി എസ് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വി എസിന്റെ വിയോഗത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: MA Yusuf Ali about veteran cpim leader VS Achuthanandan