
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചിരിക്കുന്നുവെന്നും സമരേതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ഒരു നൂറ്റാണ്ടുകാലത്തെ സമരജീവിതം എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയാവില്ലെന്നും പതിറ്റാണ്ടുകളോളം കേരളത്തിലെ സമരവീര്യത്തിന്റെ പര്യായപദമായി വി എസ് എന്ന പേര് മാറിയെന്നും ഷംസീര്‍ പറഞ്ഞു.
'പന്ത്രണ്ടാം വയസില്‍ ആരംഭിച്ച തൊഴിലാളി ജീവിതം. പിന്നീട് തൊഴിലാളികള്‍ക്കുവേണ്ടി സമരകാഹളം മുഴക്കുന്ന നേതാവിലേക്ക് അദ്ദേഹത്തെ വളര്‍ത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ചുവന്ന ഏടായ പുന്നപ്ര- വയലാര്‍ സമരത്തിലെ ആ സമരഭടന്‍ ഇന്ത്യ സ്വതന്ത്ര മാകുമ്പോഴും ജയിലില്‍ തടവിലായിരുന്നു. പിന്നീട് അദ്ദേഹം കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി മാറി. പാരിസ്ഥിതിക ജാഗ്രതയുളള ഭരണകര്‍ത്താവായും ചൂഷിതരുടെ സമരമുന്നേറ്റങ്ങളില്‍ എന്നും മുന്നില്‍ നിന്ന് നയിക്കുന്ന ജനനേതാവായും കേരള രാഷ്ട്രീയത്തിന്റെ ഉജ്ജ്വല അധ്യായമായ സഖാവ് വി എസ് അച്യുതാനന്ദന് വിട'- എ എന്‍ ഷംസീര്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വി എസിന്റെ വിയോഗത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെകോഷ്യബിൾ ഇന്‍സ്ട്രുമെന്റസ് ആക്ട് പ്രാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ (22-07-25) സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2025 ജൂലൈ 22 മുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമായിരിക്കും. സംസ്ഥാനമൊട്ടാകെ ദേശീയ പതാക താഴ്ത്തിക്കെട്ടും. നാളെ കെഎസഇബിയുടെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും ഇന്റര്‍വ്യൂവും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Speaker N Shamseer expresses condolences to VS Achuthanandan