വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം കൊല്ലത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ എബിവിപി യും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്

dot image

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ്‌ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സൈക്കിള്‍ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നെന്നും അടുത്ത മാനേജ്മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ഇബിക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ എബിവിപി യും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Content Highlights : Student dies of shock, KSU educational bandh in Kollam tomorrow

dot image
To advertise here,contact us
dot image