
തിരുവനന്തപുരം: തൃത്താല കോണ്‍ഗ്രസിനകത്തെ തര്‍ക്കത്തില്‍ നേതൃത്വത്തിന് അതൃപ്തി. കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാമും നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രനും തമ്മിലുള്ള തര്‍ക്കം അനാവശ്യമാണെന്നും തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തല്‍. പ്രശ്‌നപരിഹാരത്തിനായി കെപിസിസി ഇടപെടും. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, കെപിസിസി സെക്രട്ടറി ബാബു രാജ് എന്നിവര്‍ ഇന്ന് പാലക്കാടെത്തും.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളിലേക്ക് പാര്‍ട്ടി ഇറങ്ങവെ താഴെത്തട്ടില്‍ ഉരുത്തിരിയുന്ന ഇത്തരം തര്‍ക്കങ്ങള്‍ അനാവശ്യവും പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇരുനേതാക്കളും പക്വത കാണിക്കണമെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.
വി ടി ബല്‍റാം നൂലില്‍ക്കെട്ടി ഇറങ്ങി എംഎല്‍എ ആയ ആളാണെന്ന സി വി ബാലചന്ദ്രന്റെ വിമര്‍ശനമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലായിരുന്നു വി ടി ബല്‍റാമിനെതിരായ കോണ്‍ഗ്രസ് നേതാവിന്റെ രൂക്ഷവിമര്‍ശനം. തുടര്‍ന്ന് മറുപടിയുമായി വി ടി ബല്‍റാമും എത്തി.
കേരളം മുഴുവന്‍ മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്നും കുത്തരുതെന്നായിരുന്നു വി ടി ബല്‍റാമിന്റെ മറുപടി. മാറ്റത്തിന് വേണ്ടി തൃത്താല തയ്യാറാകുമ്പോള്‍ നമ്മുടെ ഇടയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ ഇതിന് തടസ്സമാകരുതെന്നും വി ടി ബല്‍റാം പറഞ്ഞു. ചാലിശ്ശേരി ആലിക്കരയിലെ കുടുംബ സംഗമത്തിലാണ് വി ടി ബല്‍റാം സി വി ബാലചന്ദ്രന് മറുപടി നല്‍കിയത്. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സി വി ബാലചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
Content Highlights: V T Balram CV Balachandran Conflict KPCC Leadership will reach palakkad today