
ആലപ്പുഴ: വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും. ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ഡോര്‍ അടക്കാതെ സര്‍വ്വീസ് നടത്തി, യാത്രക്കാര്‍ ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു തുടങ്ങിയവയാണ് ഡ്രൈവര്‍ക്കെതിരായ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. സംഭവത്തില്‍ ബസ് ജീവനക്കാര്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വിശദീകരണം നല്‍കും.
വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥി ബസില്‍ നിന്നും തെറിച്ചുവീണത്. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി ചികിത്സയില്‍ തുടരുകയാണ്. ബസ് ജീവനക്കാര്‍ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരാന്‍ അല്‍അമീന്‍ എന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ത്ഥി കയറിയത്. ഇറങ്ങാനുള്ള സ്റ്റോപ്പ് ആയ വലിയ ചുടുകാട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിയിരുന്നില്ല. ബസ് നിര്‍ത്താന്‍ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടെങ്കിലും തിരുവമ്പാടി എത്തുന്നതിന് മുന്‍പ് നിര്‍ത്തി. വാതില്‍ തുറന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും കുട്ടി പുറത്തേക്ക് തെറിച്ചുവീണ് റോഡിലെ വൈദ്യുത തൂണില്‍ തലയിടിക്കുകയുമായിരുന്നു. അപകടമുണ്ടായിട്ടും ബസ് നിര്‍ത്താന്‍ തയ്യാറായിരുന്നില്ല.
Content Highlights: Driver's license revoked after student falls off bus at Alappuzha