
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടർ വാർത്ത തള്ളാതെ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. ജോസ് കെ മാണി കടുത്തുരുത്തിൽ മത്സരിക്കുമെന്നും മത്സരിക്കില്ലെന്നും പറയാൻ കഴിയില്ല എന്നായിരുന്നു സ്റ്റീഫൻ ജോർജിൻ്റെ പ്രതികരണം. ചിലപ്പോൾ പാലായിൽ, ചിലപ്പോൾ കടുത്തുരുത്തിയിൽ ആയിരിക്കും മത്സരിക്കുകയെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു. ജോസ് കെ മാണി പാർട്ടിയുടെ ചെയർമാനാണെന്നും അദ്ദേഹത്തിനാണ് ആദ്യ പരിഗണനയെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ചർച്ചയുടെ ആവശ്യമേ ഇല്ല എന്നും സ്റ്റീഫൻ ജോൺ റിപ്പോർട്ടറിനോട് വ്യക്തമാക്കി. 2021 കേരള കോൺഗ്രസ് എമ്മിൻ്റെ സ്ഥാനാർത്ഥിയായി കടുത്തുരുത്തിയിൽ മത്സരിച്ചത് സ്റ്റീഫൻ ജോർജ് ആയിരുന്നു.
കേരള കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. കോൺഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് കേരള കോൺഗ്രസിനെ മുന്നിലേക്ക് ക്ഷണിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാണിച്ചു. മുന്നണിയിലേക്ക് വന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അന്ന് സ്വാഭാവികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീരുമാനിച്ചതിന് ശേഷമാണ് മുന്നണിയിലേക്ക് വന്നത്. നേരത്തെ തീരുമാനങ്ങൾ വന്നത് കൊണ്ട് അന്ന് ചില നഷ്ടങ്ങൾ ഉണ്ടായി. ആ കാര്യങ്ങൾ ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കും. ഇത് സംബന്ധിച്ച് പ്രാദേശിക ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. മുന്നണിക്കുള്ളിൽ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ യോഗങ്ങളിൽ ചർച്ച ചെയ്യണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
ശക്തിക്ക് അനുസരിച്ച് സീറ്റുകൾ ആവശ്യപ്പെടണം എന്ന് ജോസ് കെ മാണി നിർദ്ദേശം നൽകിയതായും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കാൻ ജോസ് കെ മാണി ഒരുങ്ങുന്ന വിവരം കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാലായിൽ നിന്നും മാറി കടുത്തുരുത്തിയിൽ മത്സരിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. പാലായേക്കാൾ കടുത്തുരുത്തിയിലാണ് കൂടുതൽ വിജയസാധ്യത എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. ഇതിനകം ജോസ് കെ മാണി മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. സയൻസ് സിറ്റി അടക്കമുള്ള പദ്ധതികളുടെ ചുക്കാൻ പിടിച്ച് കടുത്തുരുത്തിയിൽ ഇതിനകം ജോസ് കെ മാണി കളംപിടിച്ച് കഴിഞ്ഞു.
കെ എം മാണി മരിച്ചതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാലായിൽ കേരള കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി മത്സരിച്ച മാണി സി കാപ്പനോടായിരുന്നു യുഡിഎഫിനോടൊപ്പം മത്സരിച്ച കേരള കോൺഗ്രസിൻ്റെ പരാജയം. എന്നാൽ 2021 എൽഡിഎഫ് പാളയത്തിൽ എത്തിയ കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പനോട് പരാജയപ്പെടുകയായിരുന്നു. 2021ൽ ജോസ് കെ മാണിയുടെ പാലായിൽ പരാജയപ്പെട്ടത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരുന്നു.
Content Highlights: Stephen George responds to reporters news on Jose K Manis Candidature Ship