
തൃശൂര്‍: സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ ചിലരുടെ താത്പര്യമെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍. കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ പി എ മസൂദിനെ ന്യായീകരിച്ച് നിലപാട് എടുക്കണമെന്ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് താന്‍ നിലപാട് സ്വീകരിച്ചു. ഇതാണ് തനിക്കെതിരായ നിലപാടിന് കാരണം. സമ്മേളനത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞ ശേഷം പോകുകയാണ് ചെയ്തതെന്നും മുകുന്ദന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തന്റെ മുന്‍ പി എ മസൂദ് കള്ള ഒപ്പിട്ട് പല കാര്യങ്ങളും ചെയ്തിട്ടുള്ള ആളാണെന്നും മുകുന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അയാള്‍ക്കെതിരെ നിയമസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. മസൂദിനെ പിന്തുണയ്ക്കാന്‍ മുന്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനില്‍കുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കി. അതിനുള്ള പ്രതികാരമായിട്ടാണ് കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയത്. മറ്റൊരു വിഷയമവുമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.
മരിക്കുവോളം പ്രസ്ഥാനത്തില്‍ നില്‍ക്കുമെന്നും മുകുന്ദന്‍ പറഞ്ഞു. മറ്റൊരു പാര്‍ട്ടിയില്‍ പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളാണ് താന്‍. പാര്‍ട്ടിയില്‍ നിന്ന് നടപടിയെടുക്കേണ്ട കാര്യമില്ലെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽകുമാർ, ടി ആർ രമേഷ് കുമാർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം നിർദ്ദേശിച്ചിരുന്നു. ഒടുവിൽ കെ ജി ശിവാനന്ദൻ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Content Highlights- C C Mukundhan MLA reaction over why he left from cpim district meet