വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഇടപെട്ടു'; ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി ഡോ ജയതിലക് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം

dot image

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഡോ ജയതിലകിന്‌റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ് ഗുരുതര ആരോപണമുന്നയിച്ചത്. ചീഫ് സെക്രട്ടറി ഡോ ജയതിലക് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. പൊതു പണിമുടക്കിനിടയിലും ഇന്ന് രാവിലെ ചീഫ് സെക്രട്ടറി എല്ലാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും വിളിപ്പിച്ച ശേഷം താന്‍ നല്‍കിയിട്ടുള്ള വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിര്‍ദേശം നല്‍കിയെന്ന് എന്‍ പ്രശാന്ത് ഐഎഎസ് പറയുന്നു.

ജയതിലകിനെ കാണിച്ച ശേഷമേ തനിക്ക് മറുപടി നല്‍കാവൂ എന്നും മറുപടികള്‍ പരമാവധി താമസിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് ഐഎഎസ് പറയുന്നു. ജയതിലക് ഫയലില്‍ കൃത്രിമം നടത്തിയതിന്റെ ഫയലുകള്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ജയതിലക് വ്യാജ രേഖകള്‍ അപ് ലോഡ് ചെയ്തതായും പ്രശാന്ത് പറയുന്നു. ഡോ ജയതിലകിന് എതിരെ കേസ് വരുമെന്ന മുന്നറിയിപ്പും പ്രശാന്ത് ഐഎഎസ് നല്‍കുന്നുണ്ട്. എസ് പി ഐ ഒ ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി ചൂട് ചോറ് വാരാന്‍ പറയുമെന്നും വാരാതിരിക്കുന്നതാണ് ബുദ്ധിയെന്നും പ്രശാന്ത് ഐഎഎസ് പറയുന്നു.

എന്‍ പ്രശാന്ത് ഐഎഎസിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,

പൊതു പണിമുടക്കിനിടയിലും ഇന്ന് രാവിലെ ഡോ.ജയതിലക് സെക്രട്ടേറിയറ്റിലെ എല്ലാ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫൊര്‍മ്മേഷന്‍ ഓഫീസര്‍മാരെയും (SPIO) വിളിച്ച് വരുത്തി, വിവിധ വകുപ്പുകളില്‍ ഞാന്‍ നല്‍കിയിട്ടുള്ള വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി അറിഞ്ഞു. ഡോ.ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നല്‍കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറുപടികള്‍ പരമാവധി താമസിപ്പിക്കാനും, മുട്ടാപ്പോക്ക് പറഞ്ഞ് വിവരങ്ങള്‍ നിഷേധിക്കാനും അദ്ദേഹം പറഞ്ഞതായി യോഗത്തിലുണ്ടായവര്‍ അറിയിക്കുന്നു. അതാത് SPIO ആണ് നിയമപ്രകാരം statutory authority. അതില്‍ ഡോ.ജയതിലകിന് കൈകടത്താനാവില്ല. അദ്ദേഹം അപ്പീല്‍ അഥോറിറ്റി പോലുമല്ല. ഡോ.ജയതിലക് കൃത്രിമം നടത്തിയ ഫയലുകളുടെ കൃത്യമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഈ-ഓഫീസിലെ തിരിമറിയും അനധികൃതമായി മറ്റ് ഉദ്യോഗസ്ഥരുടെ password protected അക്കൗണ്ടുകളില്‍ backend ലൂടെ access എടുത്തതും, അതിനായി വ്യാജ രേഖകള്‍ upload ചെയ്തതും ഒക്കെ ചോദ്യങ്ങളായി കൊടുത്തിട്ടുണ്ട്. IT Act പ്രകാരം ക്രിമിനല്‍ കുറ്റമാണിത് എന്ന് പറയേണ്ടതില്ലല്ലോ. അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും വിവരാവകാശപ്രകാരം ചോദിച്ചിട്ടുണ്ട്. എത്ര മറച്ച് വെച്ചാലും ആത്യന്തികമായി ഇതൊക്കെ കോടതിയിലെത്തും എന്നറിയില്ലെന്ന് തോന്നുന്നു!

ഒന്നോര്‍ക്കുക, വിവരാവകാശ നിയമം മാത്രമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ തെളിവ് നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച് വെക്കാനും നിയമ നടപടികള്‍ വൈകിപ്പികാനും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും BNS പ്രകാരവും IT Act പ്രകാരവും കേസ് വരും. മാസ്റ്റര്‍ ഫയലുകളും മുന്‍പ് IT വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖാമൂലം ഇത് സംബന്ധിച്ച് നടത്തിയ കുറ്റസമ്മതവും എന്റെ പക്കലുണ്ട് എന്നത് ഫയലുകള്‍ നോക്കിയാല്‍ അറിയാം. വക്കീല്‍ പണി കഴിഞ്ഞ് വന്നത് കൊണ്ട് ചോദ്യങ്ങള്‍ക്ക് പല റൗണ്ടായിട്ടുള്ള ക്രോസ് എക്‌സാമിനേഷന്റെ സ്വഭാവം ഉണ്ട്. ഒരെണ്ണം പോലും exempted ആയതല്ല എന്നുറപ്പിക്കിയിട്ടാണ് ചോദിച്ചിരിക്കുന്നത് എന്ന് എല്ലാ SPIO കളും മനസ്സിലാക്കുക. അഭിപ്രായങ്ങള്‍ അല്ല, നിങ്ങള്‍ കൈവശം വെച്ചിരിക്കുന്ന information മാത്രമാണ് ചോദിച്ചിരിക്കുന്നത്. ഇന്ന് നടന്ന മീറ്റിങ്ങിന്റെ CCTV ദൃശ്യങ്ങളും രേഖകളും വേറെ ചോദിക്കുന്നുണ്ട്. നിയമം വിട്ടാണ് SPIO പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഈ മീറ്റിംഗ് ക്രിമിനല്‍ ഗൂഢാലോചനയായി കണക്കാക്കാന്‍ പറ്റും എന്നും ഓര്‍ക്കുക.
വിവരങ്ങള്‍ മറച്ച് വെക്കുകയോ, ഓവര്‍ സ്മാര്‍ട്ടായി ഡോ.ജയതിലക് പറയും പ്രകാരം പ്രവര്‍ത്തിക്കുകയോ ചെയ്ത് ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങള്‍ക്ക് നിയമാനുസരണം മറുപടി പറഞ്ഞ് മുന്നോട്ട് പോകാം. സമയലാഭമുണ്ട്. നമുക്ക് നാളെയും കാണണ്ടേ?
ഡോ.ജയതിലക് ചുടു ചോറ് വാരാന്‍ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി.

content highlights: 'Intervened to subvert the Right to Information Act'; N Prashanth IAS makes serious allegations against the Chief Secretary

dot image
To advertise here,contact us
dot image