
തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന്‍ രാജിനെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈശ്വരവിലാസം റോഡിന് സമീപത്തെ വീടിനു പുറകില്‍ നിന്നാണ് ജസ്റ്റിന്‌റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ജസ്റ്റിന്‌റെ മൃതദേഹം കണ്ടെടുത്തത്.
കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്‌റെ സംശയം. സംഭവത്തില്‍ ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ കാണാനില്ല. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരള കഫേയുടെ നാല് പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ് ജസ്റ്റിന്‍. ജസ്റ്റിനാണ് എല്ലാദിവസവും രാവിലെ അഞ്ച് മണിക്ക് ഹോട്ടല്‍ തുറക്കുന്നത്.
എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ട് പേര്‍ ഹോട്ടലില്‍ എത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ പോയി. ഏറെ നേരമായും ജസ്റ്റിനെ കാണാതായതിനെ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം സത്യനേശന്റെ മകളുടെ ഭര്‍ത്താവാണ് ജസ്റ്റിന്‍ രാജ്.
Content highlights: Kerala cafe hotel owner murdered in Thiruvananthapuram; body found covered with mat