
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ നല്‍കുന്ന വീടുകളുമായി ബന്ധപ്പെട്ട് ചോദിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'ഡിവൈഎഫ്‌ഐ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു, ഡിവൈഎഫ്‌ഐ പൂര്‍ത്തിയാക്കിയ വീട്ടില്‍ താമസിക്കുന്ന ഗൃഹനാഥന്റെ പേര് ഒന്ന് പറഞ്ഞു തരാമോ?', എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ഈ ചോദ്യത്തിനാണ് വി കെ സനോജിന്റെ മറുപടി.
'വയനാട് വീട് നിര്‍മാണ പദ്ധതിയെ കുറിച്ച് ഡിവൈഎഫ്‌ഐ ആലോചിച്ച സന്ദര്‍ഭത്തില്‍ ദുരിത ബാധിതര്‍ക്ക് ഔദാര്യമായി
തോന്നാതെ പകരം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അവകാശമായി തോന്നണം എന്ന കാഴ്ചപ്പാടാണ് ഞങ്ങളെ നയിച്ചത്.
അതിനാല്‍ സര്‍ക്കാര്‍ നിര്‍മാണം ആരംഭിച്ച ടൗണ്‍ഷിപ്പില്‍ ഒരു വീടിന് 20 ലക്ഷം വച്ച് 100 വീടിന്റെ നിര്‍മാണ ചിലവായ 20 കോടി നല്‍കുന്നതിന്റെ കരാര്‍ പത്രമാണിത്. അല്ലാതെ നേരിട്ട് വീട് വച്ച് കൊടുത്ത് ഡിവൈഎഫ്‌ഐ ഗ്രാമം ഉണ്ടാക്കാനോ അവരുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും വിധം പാര്‍ട്ടി / സംഘടനാ ചിഹ്നങ്ങള്‍ വീട്ടില്‍ പതിപ്പിക്കാനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നേയില്ല. അതിനാല്‍ വീട് ലഭിക്കുന്ന ഗൃഹനാഥന്റെ പേരുകള്‍ സര്‍ക്കാരാണ് വെളിപ്പെടുത്തുക.', എന്നാണ് വി കെ സനോജിന്റെ മറുപടി.
Content Highlights: DYFI State Secretary VK Sanoj responds to Rahul Mangkootatil