വയനാടിനായി പിരിച്ച പണം മുക്കിയെന്ന് ആരോപണം; ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര്

സംഘടനയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ കള്ളനാക്കുന്നു എന്നും വിമര്‍ശനം

dot image

ആലപ്പുഴ: വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര്. അമ്പലപ്പുഴയില്‍ നിന്ന് വയനാടിനായി പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. പിരിച്ച പണം മുക്കാന്‍ ജില്ലാ പ്രസിഡന്റ് അടക്കം കൂട്ട് നിന്നെന്നും ആക്ഷേപമുണ്ട്. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം.

'പണം മുക്കിയത് സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരന്‍', 'റഹീം വറ്റക്കാരനെ സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റ് എം പി പ്രവീണ്‍', എന്നിങ്ങനെയുള്ള ആക്ഷേപമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നത്. കുറ്റം നിലവിലെ നിയോജക മണ്ഡലം പ്രസിഡന്റിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പേ കൂട്ടരാജി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സംഘടനയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ കള്ളനാക്കുന്നു എന്നും വിമര്‍ശനം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിലെ ചെന്നിത്തല-കെസി ഗ്രൂപ്പുകള്‍ തമ്മിലാണ് നിലവിലെ തര്‍ക്കം. ഫണ്ട് പിരിച്ചത് സമ്മാന കൂപ്പണിലൂടെയാണെന്നും നറുക്കെടുപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം വിതരണം ചെയ്തില്ലെന്നും ആരോപണമുയര്‍ന്നു.

അതേസമയം ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ വിമര്‍ശനങ്ങളെ രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളിയിരുന്നു. ദുരന്തബാധിതര്‍ക്കായി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണം പിരിച്ചത്. ഇതുവരെ 84 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കെപിസിസിക്ക് കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച തുക മുഴുവനും കൈമാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെയാണ് പരാതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

Content Highlights: Dispute in Alappuzha Youth Congress about Wayanad Fund Collection

dot image
To advertise here,contact us
dot image