12 വര്‍ഷമായി കെട്ടിടത്തിന് ബലക്ഷയമുണ്ട്; അപകടം നടന്ന ശുചിമുറി അടച്ചിട്ടതാണ്: പ്രിന്‍സിപ്പൽ

തകര്‍ന്ന ടോയിലറ്റ് ബ്ലോക്ക് അടച്ചിട്ടിരിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു

dot image

കോട്ടയം: 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നതെന്ന് പ്രിന്‍സിപ്പൽ വര്‍ഗീസ് പി പൊന്നൂസ്. ചെറിയ രീതിയില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീഴുമായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിന്റെ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് സര്‍ജിക്കല്‍ ബ്ലോക്ക് മാറ്റാതിരുന്നതെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

'പുതിയ കെട്ടിടത്തിന്റെ 95 ശതമാനം പൂര്‍ത്തിയാക്കിയിരുന്നു. 14 ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി നടക്കുകയാണ്. അതിന്റെ മിനുക്കുപണികള്‍ ചെയ്യാനുള്ള താമസം കാരണമാണ് ഷിഫ്റ്റിംഗ് വൈകിയത്. ശൗചാലയം തകര്‍ന്ന കെട്ടിടം പൂര്‍ണ്ണമായും ഇടിച്ചുകളഞ്ഞാല്‍ ഓപ്പറേഷന്‍ എവിടെ നടക്കും? രണ്ടുമാസം ഓപ്പറേഷന്‍ മുടങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ്. ചെറിയ രീതിയില്‍ കോണ്‍ക്രീറ്റുകള്‍ വീഴുമായിരുന്നു. അപ്പോഴും സര്‍ജിക്കല്‍ ബ്ലോക്കിനെ മാറ്റുകയെന്നത് നിസ്സാരമായി എടുക്കാവുന്ന തീരുമാനമല്ല. 12 വര്‍ഷം ദീര്‍ഘകാലയളവാണ്. മികച്ച കെട്ടിടം വരികയെന്നതും വലിയ കാലയളമാണ്. 2021 മുതല്‍ വേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. കൊവിഡ് കാലത്ത് മാത്രമാണ് കാലതാമസം വന്നത്', പ്രിന്‍സിപ്പൽ വിശദീകരിച്ചു.

തകര്‍ന്ന ടോയിലറ്റ് ബ്ലോക്ക് അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിരുന്നു. ഡിമോളിഷിംഗ് തീരുമാനം ആയ കെട്ടിടമായതിനാല്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിരുന്നില്ല. അത്യാവശ്യം വേണ്ട സുരക്ഷാ കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങോട്ടുള്ള ആക്‌സസ് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നോയെന്നതില്‍ സംശയമുണ്ട്. അന്വേഷിക്കുമെന്നും പ്രിന്‍സിപ്പൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം രക്ഷാപ്രവർത്തനം കൃത്യസമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഭാര്യയെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുന്നുമായിരുന്നുവെന്ന് ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ രംഗത്തുവന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. മന്ത്രി തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും വിശ്രുതൻ പറഞ്ഞു.

മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു രാവിലെ കുളിക്കാനായാണ് തകർന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിന്‍റെ സംസ്കാരം ഇന്ന് നടക്കും.  

Content Highlights: Building has been deteriorating for 12 years said Kottayam Medical College principal

dot image
To advertise here,contact us
dot image