
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴക്കം ചെന്ന കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോട്ടയത്തെത്തും. നാളെ കോട്ടയത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. ഇന്ന് വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ബിന്ദുവിന്റെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ആംബുലന്‍സിന് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ കാലപ്പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബിന്ദുവിന്റെ സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവളപ്പില്‍ നടക്കും. രാവിലെ ഏഴ് മണിക്ക് മൃതദേഹം വീട്ടില്‍ എത്തിക്കും.
content highlights: