'കാലം മാറുമ്പോള്‍ കോലവും മാറണം'; അജയ് തറയിലിന്റെ ഖദര്‍ പരാമര്‍ശത്തില്‍ അബിന്‍ വര്‍ക്കി

രാഹുല്‍ ഗാന്ധി പോലും മറ്റു വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നും ഖദറിന് ചെലവ് കൂടുതലാണെന്നും അബിന്‍ വര്‍ക്കി

dot image

തിരുവനന്തപുരം: യുവനേതാക്കള്‍ ഖദര്‍ ഉപേക്ഷിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കാലത്തിന് അനുസരിച്ച് കോലം മാറണമെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി പോലും മറ്റു വസ്ത്രങ്ങള്‍ അണിയുന്നുണ്ടെന്നും ഖദറിന് ചെലവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഖദര്‍ മാത്രം അണിയണമെന്ന് പറയുന്നവര്‍ കാലത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയെ പോലെ അല്‍പ വസ്ത്രധാരിയായി ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല. ഇന്ന് ഒരു ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കില്‍ വസ്ത്രത്തിന്റെ വിലയെക്കാള്‍ കൂടുതല്‍ ചിലവാണ്. മാത്രമല്ല ഖദറില്‍ ഡിസൈനുകളും കുറവാണ്. ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഖദര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആക്കി. ബാക്കി ദിവസങ്ങളില്‍ കളര്‍ വസ്ത്രങ്ങളും, ടീഷര്‍ട്ടുകളും , ജീന്‍സും ഒക്കെ ധരിക്കാറുണ്ട്', അബിന്‍ വര്‍ക്കി പറഞ്ഞു.

യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്നായിരുന്നു അജയ് തറയില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കരുത്. കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്?' എന്നായിരുന്നു അജയ് തറയില്‍ ചോദിച്ചത്.

അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഖദര്‍ ധരിക്കുന്ന ആളാണ്. പക്ഷേ ഖദര്‍ മാത്രം ധരിക്കുന്ന ആളല്ല.

1920ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സെഷനില്‍ വച്ചാണ് കണ്‍സ്ട്രക്ടീവ് പ്രോഗ്രാമിന്റെ ഭാഗമായി ഖദര്‍ വസ്ത്രം ധരിക്കണമെന്നും ചര്‍ക്ക കൊണ്ട് നൂല് നൂറ്റി വസ്ത്രങ്ങള്‍ ഉണ്ടാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടണമെന്നുള്ള തീരുമാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ എടുക്കുന്നത്. അങ്ങനെ ഖദര്‍ ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന്റെയും, സ്വാതന്ത്ര്യസമരത്തിന്റെയും, കോണ്‍ഗ്രസിന്റെയും ഐഡന്റിറ്റി ആയി മാറി. ഖദര്‍ വസ്ത്രം ധരിച്ചു തുടങ്ങുമ്പോഴാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഐഡന്റിഫയ്ഡ് ആയി തുടങ്ങുന്നത്. അതു കൊണ്ടുതന്നെ ആ ഐഡന്റിറ്റിയോട് യാതൊരു വിയോജിപ്പും ഇല്ല.

പക്ഷെ ഇന്ന് 2025 ആണ്. കാലാനുസൃതമായ മാറ്റം രാഷ്ട്രീയത്തിലും, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലും, വസ്ത്രങ്ങളിലും ഉണ്ടായിട്ടുണ്ട്. 1920 ലെ ഇന്ത്യയുടെ അവസ്ഥ അല്ല ഇന്ന്. ഗാന്ധിജിയെ പോലെ അല്‍പ വസ്ത്രധാരിയായി ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്റെ സാഹചര്യമോ അംഗീകാരമോ ഇന്നില്ല.രാഹുല്‍ ഗാന്ധി പോലും സ്ഥിരമായി ടീഷര്‍ട്ട് ധരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അതു കൊണ്ട് ഖദര്‍ വസ്ത്രം മാത്രം ധരിക്കണമെന്നത് മാറ്റത്തിന്റെ മാറ്റൊലികള്‍ കേള്‍ക്കാത്തവരുടെ അഭിപ്രായമാണ്.

അതും മാത്രമല്ല ഇന്ന് ഒരു ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പുറത്തിറങ്ങണമെങ്കില്‍ വസ്ത്രത്തിന്റെ വിലയെക്കാള്‍ കൂടുതല്‍ ചിലവാണ്. മാത്രമല്ല ഖദറില്‍ ഡിസൈനുകളും കുറവാണ്. അതു കൊണ്ട് ഖദറും,ഖാദി ബോര്‍ഡും ഒക്കെ കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണം.
ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ ഖദര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആക്കി. ബാക്കി ദിവസങ്ങളില്‍ കളര്‍ വസ്ത്രങ്ങളും, ടീഷര്‍ട്ടുകളും , ജീന്‍സും ഒക്കെ ധരിക്കാറുണ്ട്. കാരണം കാലം മാറുമ്പോള്‍ കോലവും മാറാന്‍ ഉള്ളത് ആണല്ലോ. മാറുകയും വേണം.

Content Highlights: Youth Congress leader Abin varkey against Ajay Tharayil Khadar statement

dot image
To advertise here,contact us
dot image