'ദുരന്തബാധിതര്‍ക്കുള്ള ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവെയ്ക്കും'

അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

dot image

പത്തനംതിട്ട: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക ദുരുപയോഗം നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപയില്‍ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.

ഓപ്പണ്‍ ചലഞ്ചാണ് വെക്കുന്നത്. ഒരു രൂപ പിന്‍വലിച്ചു എന്ന് തെളിയിച്ചാല്‍ ഈ നിമിഷം രാജി വയ്ക്കാം. സാമ്പത്തിക കുറ്റവാളിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇപ്പോള്‍ 88,68,277 രൂപ അക്കൗണ്ടിലുണ്ട്. 780 കോടി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയോയെന്നും ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച ഒരു വീട് കാണിച്ചു തരാമോയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്. 27 ദിവസം വയനാട്ടില്‍ തങ്ങള്‍ ചെലവഴിച്ചു. മനസ്സ് വിറങ്ങലിച്ച നിരവധി കാഴ്ചകളാണ് വയനാട്ടില്‍ കണ്ടത്. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 30 വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 50 ആളുകള്‍ക്ക് വാടക വീടുകള്‍ ഒരുക്കിക്കൊടുക്കും എന്ന് പറഞ്ഞു. പണം നേരിട്ട് സമാഹരിക്കേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. വിവാഹത്തിന് സദ്യ വിളമ്പിയും മീന്‍ വിറ്റും പണം സമാഹരിച്ചു. ക്യാമ്പില്‍ ഒരു പ്രതിനിധി പോലും വയനാട് പ്രവര്‍ത്തനത്തെ വിമര്‍ശിച്ചില്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആര്‍ക്കും പരിശോധിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേ സമയം, സാമ്പത്തിക ദുരുപയോഗം ആരോപിച്ച് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയ ലക്ഷ്മി അഡ്വ കെ എസ് അരുണ്‍ കുമാറിന്റെ സഹപ്രവര്‍ത്തകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടു. കെ കെ രാമചന്ദ്രന്റെ വ്യക്തിപരമായ ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം നല്‍കിയെന്നും എന്നാല്‍ എന്തുകൊണ്ട് ഒരു വീടുപോലും വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്നില്ലായെന്നും രാഹുല്‍ ചോദിച്ചു.

ഉഴവൂര്‍ വിജയന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നിയമങ്ങള്‍ സര്‍ക്കാരിന് പ്രശ്‌നമല്ല. 770 കോടി രൂപ സര്‍ക്കാരിന് ജനം നല്‍കിയില്ലേ. മുഖ്യമന്ത്രിയുമായും മന്ത്രി റിയാസുമായും തങ്ങള്‍ തുടര്‍ച്ചയായി കത്തിടപാടുകള്‍ നടത്തി. സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കുന്നില്ല. ഇനി തങ്ങള്‍ തന്നെ ഇനി വീട് നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തുമെന്നും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകിയിരുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി അടക്കം എട്ട് നേതാക്കള്‍ക്കെതിരെയാണ് പരാതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ദുരുപയോഗം നടന്നതായാണ് പരാതിക്കാരി ആരോപിക്കുന്നത്. പിരിച്ച തുകയുടെ കണക്കുകളും വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ ദുരുപയോഗം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

Content Highlights- 'I will resign as Youth Congress President if there is a difference of even Rs 1 in the funds for the disaster victims' Rahul Mamkootathil

dot image
To advertise here,contact us
dot image