കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്ര വിവാദം; കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ

വിവാദത്തെ തുടർന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു

dot image

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ 'ഭാരതാംബ' വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ. രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മൽ ആണ് സസ്പെൻഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. രജിസ്ട്രാർക്കെതിരെ വിസി ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിലയിരുത്തലിലായിരുന്നു രാജ്ഭവന്‍. ഈ വിഷയത്തിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയത്.

സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് സംഘാടകര്‍ക്ക് എതിരെ പരാതി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലായിരുന്നു രാജ്ഭവന്റെ നീക്കങ്ങള്‍. പരിപാടിയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രജിസ്ട്രാറുടെ റിപ്പോർട്ടിൽ വ്യക്തമായ വിശദീകരണം വേണമെന്ന് വിസി ആവശ്യപ്പെട്ടിരിന്നു. പരിപാടിയിൽ ഏത് മതചിഹ്നമാണ് ഉപയോഗിച്ചതെന്ന് രജിസ്ട്രാർ വിശദീകരിക്കണമെന്നും പിആർഒ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കാനും വിസി നിർദേശിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിപാടിക്ക് മുന്നോടിയായി സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും പുഷ്പാര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ഓഫീസറും പിആർഒയും വിഷയം രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാർ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ പരിപാടിയുമായി സംഘാടകർ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും രംഗത്തെത്തി. സർവകലാശാലയുടെ പ്രധാന കവാടത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിടെ ഗവർണർ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ അകമ്പടിയോടെ സെനറ്റ് ഹാളിൽ പ്രവേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹാൾ അടച്ചു.

വേദിയിലെത്തിയ ഗവർണർ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കത്തിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഈ സമയം പുറത്ത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടർന്നു. പ്രസംഗത്തിന് ശേഷം പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർവകലാശാലയുടെ പിൻഭാഗത്തെ വാതിലിലൂടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിസി രജിസ്ട്രാറോട് റിപ്പോർട്ട് തേടിയത്. തന്റെ അനുമതിയില്ലാതെ ശ്രീ പത്മനാഭ സ്വാമി സേവാ സമിതിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയതിൽ വിശദീകരണം നൽകണമെന്നും വിസി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Kerala University Registrar suspended over bharathamba issue

dot image
To advertise here,contact us
dot image