ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി; രജിസ്ട്രാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കി വൈസ് ചാന്‍സലര്‍

ഗുരുതരമായ അച്ചടക്ക നടപടിയിലേക്ക് പോയേക്കാവുന്ന റിപ്പോര്‍ട്ടാണ് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്കെതിരെ രാജഭവന് നല്‍കിയിരിക്കുന്നത്

dot image

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം ഉണ്ടായതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറോട് രജിസ്ട്രാര്‍ അനാദരവ് കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി രജിസ്ട്രാര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ അച്ചടക്ക നടപടിയിലേക്ക് പോയേക്കാവുന്ന റിപ്പോര്‍ട്ടാണ് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്കെതിരെ രാജഭവന് നല്‍കിയിരിക്കുന്നത്.

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന രജിസ്ട്രാറുടെ വാദത്തെ വിസിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുന്നു. ജൂണ്‍ 25 ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നു. ഉത്തരവാദിത്തബോധം ഇല്ലാതെയാണ് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചത്. ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല. രജിസ്ട്രാര്‍, സെക്യൂരിറ്റി ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നിവരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. ഇത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും രജിസ്ട്രാറുടെ ധിക്കാരപരമായ നടപടിയില്‍ അതിശയം തോന്നിയെന്നും റിപ്പോര്‍ട്ടില്‍ വിസി ചൂണ്ടിക്കാട്ടി.

ഭാരതാംബയുടെ ചിത്രത്തില്‍ മാലയിട്ട് പ്രദര്‍ശിപ്പിച്ചതിനാല്‍ ചടങ്ങ് അട്ടിമറിക്കാന്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോട്ടോകള്‍, ആഭ്യന്തര രേഖകള്‍, സംഘാടകരുടെ പരാതി തുടങ്ങിയ അനുബന്ധ വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlights: Kerala University Program Vice Chancellor Report against Registrar

dot image
To advertise here,contact us
dot image