ആ മൂന്ന് പഞ്ചായത്തുകളിലെ ലീഡിന്റെ പിന്‍ബലത്തില്‍ എം സ്വരാജ് നിയമസഭയിലേക്ക്; സാധ്യത പ്രവചിച്ച് ബിനീഷ് കോടിയേരി

ആദ്യഘട്ട വോട്ടെണ്ണലില്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടുമെന്നും എന്നാല്‍ അവസാനഘട്ടത്തിലേയ്ക്ക് വരുമ്പോള്‍ സ്വരാജ് വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്നും ബിനീഷ് കോടിയേരി

ആ മൂന്ന് പഞ്ചായത്തുകളിലെ ലീഡിന്റെ പിന്‍ബലത്തില്‍ എം സ്വരാജ് നിയമസഭയിലേക്ക്; സാധ്യത പ്രവചിച്ച് ബിനീഷ് കോടിയേരി
dot image

കണ്ണൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഫല പ്രഖ്യാപനം നാളെ വരാനിരിക്കെ സാധ്യതകള്‍ പ്രവചിച്ച് സിപിഐഎം നേതാവ് ബീനീഷ് കോടിയേരി. ആദ്യഘട്ട വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടുമെന്നും എന്നാല്‍ അവസാനഘട്ടത്തിലേയ്ക്ക് വരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഏഴ് പഞ്ചായത്തുകളിലേയും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലേയും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ലീഡ് നിലകൂടി വിലയിരുത്തിക്കൊണ്ടാണ് ബിനീഷ് സാധ്യത പ്രവചനം നടത്തിയിരിക്കുന്നത്. ആദ്യം വോട്ടെണ്ണല്‍ നടക്കുന്ന വഴിക്കടവ് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് ചെയ്യാനാണ് സാധ്യതയെന്ന് ബിനീഷ് പറയുന്നു. അതിന് ശേഷം വോട്ടെണ്ണല്‍ നടക്കുന്ന മൂത്തേടം പഞ്ചായത്തിലും എടക്കര പഞ്ചായത്തിലും യുഡിഎഫ് ലീഡ് നേടും. പിന്നെ വോട്ടെണ്ണല്‍ നടക്കുന്ന പോത്തുകല്ല് മണ്ഡലം എല്‍ഡിഎഫ് ലീഡ് നേടാനാണ് സാധ്യതയെന്ന് ബിനീഷ് പറയുന്നു.

ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫിന് ചെറിയ ലീഡ് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം എന്നതിനാണ് സാധ്യതയെന്നും ബിനീഷ് പറയുന്നു.നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ വോട്ട് എണ്ണിത്തുടങ്ങുമ്പോഴേക്കും ഈ ഉപതിരഞ്ഞെടുപ്പിലെ നിര്‍ണായക സമയത്തിലേക്ക് കടക്കും. പന്ത്രണ്ട് റൗണ്ട് വരെ ലീഡ് ചെയ്തുകൊണ്ടിരുന്ന യുഡിഎഫ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ട് എണ്ണുന്നതോടുകൂടി അവരുടെ ലീഡ് നില കുറയും. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 209 വോട്ട് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് ചെറിയ ലീഡിലേക്ക് കടക്കാനാണ് സാധ്യതയെന്നും ബിനീഷ് പറയുന്നു. കരുളായി, അമരമ്പലം മണ്ഡലങ്ങളിലെ വോട്ട് കൂടി എണ്ണിക്കഴിയുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിക്കുമെന്നും ബിനീഷ് വ്യക്തമാക്കുന്നു. ബിനീഷിന്റെ പ്രവചനത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്ത പി വി അൻവറോ ബിജെപി നേതാവ് മോഹൻ ജോർജോ ഇല്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നാളത്തെ വോട്ടെണ്ണലിന്റെ സാധ്യതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും.

ആദ്യം എണ്ണി തുടങ്ങുക വഴിക്കടവ് പഞ്ചായത്തിലെ 1 മുതല്‍ 46 വരെയുള്ള ബൂത്തുകള്‍ ഈ പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് ചെയ്യാനാണ് സാധ്യത.


അത് കഴിഞ്ഞ് എണ്ണി തുടങ്ങുന്നത് മൂത്തേടം പഞ്ചായത്തിലെ 47 മുതല്‍ 70 വരെയുള്ള ബൂത്തുകളാണ് അവിടെയും യുഡിഎഫ് ലീഡ് നേടാന്‍ ആണ് സാധ്യത. അതിനുശേഷം എണ്ണുന്നത് എടക്കര പഞ്ചായത്തിലെ 71 മുതല്‍ 97 വരെ ബൂത്തുകള്‍ അവിടെയും യുഡിഎഫ് ചെറിയ ലീഡ് നേടാന്‍ ആണ്
സാധ്യത.

അതിനുശേഷം എണ്ണുന്നത് പോത്തുകല്ല് പഞ്ചായത്തിലെ 98 മുല്‍ 126 വരെ ബൂത്തുകളാണ്. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് വോട്ട് ലീഡ് നേടാന്‍ സാധ്യതയുള്ള പഞ്ചായത്താണ്. അതിനുശേഷം എണ്ണുന്നത് ചുങ്കത്തറ പഞ്ചായത്തിലെ 127 മുതല്‍ 161 വരെ ബൂത്തുകളാണ്. അവിടെ യുഡിഎഫ് ഒരു ചെറിയ ലീഡ് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം എന്നതിനാണ് സാധ്യത. അതിനുശേഷം എണ്ണുന്നത് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 162 മുതല്‍ 209 ബൂത്തുകളാണ്. അപ്പോള്‍ 12 റൗണ്ടുകള്‍ കഴിഞ്ഞിരിക്കും. ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ സമയമായിരിക്കും അത്. 12 റൗണ്ട് വരെ ലീഡ് ചെയ്തുകൊണ്ടിരുന്ന യുഡിഎഫ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ട് എണ്ണുന്നതോടുകൂടി അവരുടെ ലീഡ് നില കുറയും. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 209 വോട്ട് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് ചെറിയ ലീഡിലേക്ക് കടന്നിരിക്കും അതിനാണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് കരുളായി പഞ്ചായത്തിലെ 210 മുതല്‍ 228 വരെയുള്ള ബൂത്തുകള്‍. അതായത് പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകള്‍. ജയ സാധ്യതയുടെ കിരണങ്ങള്‍ ആരംഭിക്കുക യഥാര്‍ത്ഥത്തില്‍ ഇവിടെ നിന്നായിരിക്കാം. കരുളായി പഞ്ചായത്തില്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നേടിയിരിക്കും. അതിനുശേഷം എണ്ണുന്നത് അമരമ്പലം പഞ്ചായത്തിലെ 229 മുതല്‍ 263 വരെയുള്ള ബൂത്തുകള്‍. സിപിഐഎമ്മിന്റെ ഉരുക്കുകോട്ട. യുഡിഎഫ് കണക്കില്‍ പോലും അവര്‍ ലീഡ് ചെയ്യില്ലെന്ന് പറയുന്ന പഞ്ചായത്ത്. ഈ സാധ്യതകള്‍ യഥാര്‍ത്ഥ്യത്തിലേക്കെത്തിയാല്‍ കരുളായി, അമരമ്പലം പോത്തുകല്ല് പഞ്ചായത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ സഖാവ് എം സ്വരാജ് നിലമ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തും സഖാക്കളെ.

ബിനീഷ് കോടിയേരി.

Content Highlights- CPIM leader Bineesh Kodiyeri facebook post about nilambur by election

dot image
To advertise here,contact us
dot image