മഴ തുടരുന്നു; കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്

dot image

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായതോടെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കിളിരൂർ എസ് വി ജി പി എച്ച് എസ് , കിളിരൂർ ഗവൺമെന്റ് യു പി എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ പി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ പി സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു പി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു പി സ്‌കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി.

വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 19-ാം തീയതിവരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight : Holiday for educational institutions running relief camps in Kottayam district

dot image
To advertise here,contact us
dot image