കനത്ത മഴ തുടരുന്നു; കുട്ടനാട് താലൂക്കിൽ നാളെയും അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

dot image

ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമായതോടെ വെള്ളക്കെട്ടിലായ കുട്ടനാട് താലൂക്കിൽ നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.

താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.ഈ അധ്യയന വർഷം ഇതുവരെ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി.

വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുകയാണ്. സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത. ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് ഇന്നും കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 19-ാം തീയതിവരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight : Holiday in Kuttanad taluk tomorrow too; There is no change in the pre-scheduled exams

dot image
To advertise here,contact us
dot image