
നിലമ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന നിലമ്പൂരിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും എത്തും. മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് എം എ ബേബി എത്തുന്നത്.
സാധാരണ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സിപിഐഎമ്മിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കാറില്ല. ആ പതിവ് മാറ്റിവെച്ചാണ് എംഎ ബേബിയെ നിലമ്പൂരില്‍ എത്തിക്കുന്നത്.
പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം നാട്ടുകാര്‍ക്കൊപ്പവും ആഘോഷത്തിന്റെ ഭാഗമാവുകയായിരുന്നു നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികള്‍. ഒത്തുചേരലാണ് പെരുന്നാളിന്റെ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന് ഷൗക്കത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സ്വരാജും പി വി അന്വറുമെല്ലാമായി തനിക്ക് നല്ല ബന്ധമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയെ പറ്റി വ്യക്തിപരമായി ഒന്നും പറയാന്‍ പാടില്ലായെന്നത് തന്റെ നിലപാടാണെന്നും പിതാവ് തനിക്ക് പറഞ്ഞു തന്നിട്ടുള്ളത് അതാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നതിനിടയിലായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം.
പെരുന്നാളിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നിലമ്പൂരിലെ വീടുകള്‍ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു. നിലമ്പൂരിലെ എല്ലാ ആഘോഷങ്ങളും മതനിരപേക്ഷമാണന്നും തിരഞ്ഞെടുപ്പ് പര്യേടനത്തിന് അവധി നല്കി താന്‍ നാട്ടുാകാര്ക്കൊപ്പം ചേരുകയാണെന്നും സ്വരാജ് പറഞ്ഞു.
അതേ സമയം, പെരുന്നാള്‍ ദിനത്തില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ഉച്ച ഭക്ഷണം കെയര്‍ ഹോമില്‍ ആഘോഷിക്കുമെന്നായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്ന് കരുതിയിരുന്നില്ലായെന്നും തനിക്കെതിരെ നടക്കുന്ന ക്യാംപെയിനുകളുകളെ കാര്യമാക്കുന്നില്ലായെന്നും പി വി അന്‍വര്‍ പറഞ്ഞു.
Content Highlights: CPI(M) General Secretary MA Baby will also arrive in Nilambur