'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ; ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം': കെ മുരളീധരൻ

യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് കെ മുരളീധരൻ ചോദിച്ചു

dot image

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സ്ഥാനാർത്ഥി വിഷയത്തിലും തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി വി അൻവറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച അൻവറിന്റെ നിലപാടിനെതിരെയും മുരളീധരൻ രംഗത്തുവന്നു. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് മുരളീധരൻ ചോദിച്ചു. ഇതുവരെ എല്ലാ തീരുമാനങ്ങളും പാർട്ടി ആലോചിച്ചുതന്നെയാണ് എടുത്തത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ എന്തായാലും സഹകരിപ്പിക്കും. രാഷ്ട്രീയത്തിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും അത് മാറ്റാൻ കഴിയില്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.

പി വി അൻവർ

നേരത്തേ മാധ്യമങ്ങളെ കണ്ട പി വി അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വി ഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാൽ പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാൽ പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവര്‍ ഇരുവരുമാണ്. എന്നാല്‍ വി ഡി സതീശന്‍ അടക്കം മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

യുഡിഎഫിന് കത്ത് നല്‍കി നാല് മാസമായെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ മാസം രണ്ടിന് യുഡിഎഫ് യോഗം ചേര്‍ന്നു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പത്രസമ്മളനം നടത്തി. കാര്യങ്ങള്‍ തീരുമാനിക്കാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തി. രണ്ട് ദിവസംകൊണ്ട് തീരുമാനം പ്രഖ്യാപിക്കം എന്നാണ് പറഞ്ഞത്. അതിന് ശേഷം വി ഡിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഈ മാസം 15ന് വി ഡിയുമായി ചര്‍ച്ച നടത്തി. രണ്ട് ദിവസം കൊണ്ട് പ്രഖ്യാപനം നടത്തും എന്ന് വി ഡി ഉറപ്പ് പറഞ്ഞു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുന്നണി ആക്കാമെന്ന് പറഞ്ഞപ്പോള്‍ അതും സമ്മതിച്ചു. എന്നാല്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേയ്ക്ക് വിടുകയാണ് ചെയ്തതെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: K Muraleedharan against PV Anvar at UDF entry on behalf of Nilambur By Election

dot image
To advertise here,contact us
dot image