
കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് 13 വയസുകാരനെ കണ്ടെത്തിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി തൊടുപുഴയിൽ ഇറങ്ങിയത് മുതൽ ഇയാൾ കസ്റ്റഡിയിൽ വെച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. മുഖത്ത് ഇതിന്റെ പാടുകളുണ്ട്. ദേഹോപദ്രവം ഏൽപ്പിച്ചതിന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തും.
തൊടുപുഴ ബസ്റ്റാൻഡിലെ കൈ നോട്ടക്കാരനാണ് കുട്ടിയുടെ വിവരം വിളിച്ച് പറഞ്ഞതെന്നും ഇന്നലെ മുതൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ബന്ധുക്കൾ മൂവാറ്റുപുഴ വരെ എത്തിയിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്നാണ് കുട്ടി തൊടുപുഴയിൽ ഉണ്ടെന്ന് വിവരം കിട്ടിയത്. തുടർന്ന് എളമക്കര പൊലീസ് തൊടുപുഴയിലേക്ക് തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളിയിലെ സ്കൂളിൽ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയ്ക്കാണ് കുട്ടിയെ കാണാതായത്.
പതിവ് സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. 60 രൂപ മാത്രമായിരുന്നു കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലം എവിടെയെന്ന് കുട്ടി ഒരു കടയിൽ കയറി അന്വേഷിച്ചിരുന്നതായും വിവരം വന്നിരുന്നു.
Content Highlights: Missing child from Edappally found in Thodupuzha