
ആലപ്പുഴ: ഇന്നത്തെ ചില കമ്മ്യൂണിസ്റ്റുകൾ വൈകിട്ട് ഫെയ്സ്ബുക്കിലാണ് പോരാട്ടം നടത്തുന്നതെന്ന വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ശൂരനാട് സമരനായകൻ സി കെ കുഞ്ഞുരാമന്റെ 21-ാം ചരമ വാർഷികദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഈ വിവരദോഷികൾ ചോദിക്കുന്നത് ഞാനെന്തിനാണ് കമ്മ്യൂണിസ്റ്റായി കടിച്ചുതൂങ്ങിക്കിടക്കുന്നതെന്നാണ്. 60 വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന എന്നോടാണ് ഈ ബാലിശമായ ചോദ്യം',അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ അംഗമാക്കുമ്പോൾ വളരെ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ ഇതുപോലുള്ള പുഴുക്കുത്തുകൾ ശക്തിയാർജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്‌നങ്ങളുണ്ട്, അതു മനസ്സിലാക്കി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്‌നമാകും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായിരുന്ന കാലത്താണ് രാജ്യത്ത് മുഖ്യ പ്രതിപക്ഷമാകാൻ കഴിഞ്ഞത്. ഒട്ടേറെ സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലുണ്ടായിരുന്നത് അക്കാലത്താണെന്നും ജി സുധാകരൻ പറഞ്ഞു. ജി സുധാകരന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്ന പരാതികൾക്കിടെയാണ് പുതിയ പ്രസ്താവന.
Content Highlights: G Sudhakaran says some communists today are fighting on Facebook