അൻവറും യുഡിഎഫും യോജിച്ചു പോകുന്നതിൽ പ്രശ്നമില്ല; എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകും: ആര്യാടൻ ഷൗക്കത്ത്

മുന്നണി പ്രവേശനം ഉൾപ്പെടെ തീരുമാനിക്കുന്നത് നേതൃത്വമാണ്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

dot image

മലപ്പുറം: പി വി അൻവറും യുഡിഎഫും യോജിച്ചു പോകുന്നതിൽ പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. കഴിഞ്ഞ ഒൻപത് വർഷമായി യുഡിഎഫ് പറയുന്ന കാര്യമാണ് പി വി അൻവർ പറയുന്നത്. നിലപാടുകളാണ് സംഗതിയെങ്കിൽ ഒരുമിച്ച് പോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. തർക്കം ഉണ്ടാകേണ്ട കാര്യമില്ല. മുന്നണി പ്രവേശനം ഉൾപ്പെടെ തീരുമാനിക്കുന്നത് നേതൃത്വമാണ്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പി വി അൻവറിന് വഴങ്ങേണ്ടെന്ന നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിന് അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും. അൻവർ നിലപാട് തിരുത്തിയാൽ മാത്രം ചർച്ച നടത്തിയാൽ മതിയെന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. അൻവറിന്റെ പിന്നാലെ നടക്കേണ്ടെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിക്കുന്നത്. കഷ്ടപ്പെട്ട് അനുനയിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. അൻവർ അയയുമോ ഇല്ലയോ എന്നത് ഇന്ന് രാവിലെ ഒമ്പതിന് അറിയാം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിലപാട് പ്രഖ്യാപിക്കാൻ ഒമ്പത് മണിക്ക് അൻവർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അൻവറിന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. എന്നാൽ മുന്നണിയിലെടുക്കണമെന്നാണ് അൻവറിന്റെ ആവശ്യം. അൻവർ ആദ്യം സ്ഥാനാർത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇന്നലെ രാത്രി ഏറെ നീണ്ടും സമവായ ചർച്ചകൾ സജീവമായിരുന്നു.

പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19നാണ് ഉപതിരഞ്ഞെടുപ്പ്. ജൂൺ 23-നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

Content Highlights: aryadan shoukath says there is no problem with Anvar and UDF agreeing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us