
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി.
ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിൻ്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മുസ്‌ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ശമുണ്ടായിട്ടുണ്ട്. ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്ലാ ധാരണയും കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സ്ഥാനാര്‍ത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം. നേരത്തെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ എന്തിനാണ് നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതെന്ന ചോദ്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്‍വറിനോടുള്ള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു എ പി അനില്‍കുമാറിന്റെ പ്രതികരണം.
പി വി അന്‍വര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.
Content Highlights: Nilambur By Election Congress did not ready to compromise to P V Anvar