
കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവൻ ആവശ്യപ്പെട്ടതിന് ഹോട്ടലിന്റെ ചില്ല് തകർത്ത് വയോധികൻ. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് അങ്ങാടിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. റഹ്‌മാനിയ ഹോട്ടലിലെ ചില്ലാണ് കണ്ണൂർ സ്വദേശിയായ ജോസ് തകർത്തത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇയാൾ മുഴുവൻ തുകയും നൽകാതെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. രണ്ട് പൂരി കഴിച്ച ജോസ് പകുതി പണം മാത്രമാണ് നൽകിയത്. ഈ സമയം ഹോട്ടൽ ജീവനക്കാരനായ ഇസ്മയിൽ ജോസിനോട് മുഴുവൻ തുകയും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായതോടെ ഇയാൾ ജീവനക്കാരെ അസഭ്യം വിളിച്ചു. തുടർന്ന് പുറത്തുപോയി സോഡ കുപ്പിയുമായെത്തി ഹോട്ടലിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ഹോട്ടലിന്റെ ചില്ല് തകർത്ത ശേഷം സമീപത്തെ മുറുക്കാൻ കടയിൽ കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തെ മറ്റൊരു ഹോട്ടലിൽ കയറി പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. ഏറെ നാളായി അമ്പായത്തോടും പരിസരപ്രദേശങ്ങളിലും ഇയാൾ സ്ഥിരമായി ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Content Highlights: Elderly man breaks hotel window after demanding full payment for food