
കൊച്ചി: പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞത് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തില്‍ നിന്നുളള ഒരു യുവ പുതുമുഖ സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് സിനിമ കാണാന്‍ നിര്‍ബന്ധിതനായതെന്നും നല്ല സന്ദേശം നല്‍കുന്ന സിനിമയാണെന്ന് തോന്നിയപ്പോഴാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ അക്കാര്യം പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. ഇക്കാര്യത്തിന് അതില്‍ കൂടുതൽ അര്‍ത്ഥമില്ലെന്നും സിനിമയില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ താന്‍ ന്യായീകരിക്കുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം എ ബേബിയുടെ വിശദീകരണം.
എം എ ബേബിയുടെ കുറിപ്പ്
പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.
സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവെച്ചത്. ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട്.
Content Highlights: MA Baby Explanation on praising dileep movie