'ഈ സിനിമ തന്നെ കാണുകയും വാഴ്ത്തിപ്പാടുകയും ചെയ്തത് അഭിനന്ദനാർഹം'; എം എ ബേബിയെ പരിഹസിച്ച് അതിജീവിതയുടെ കുടുംബം

സാമൂഹ്യമാധ്യമത്തിലൂടെയാണ് അതിജീവിതയുടെ സഹോദരൻ എം എ ബേബിയെ പരിഹസിച്ചത്

dot image

കൊച്ചി: ദിലീപ് സിനിമയെ വാഴ്ത്തിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പരിഹസിച്ച് അതിജീവിതയുടെ കുടുംബം. സാമൂഹ്യമാധ്യമത്തിലൂടെയാണ് അതിജീവിതയുടെ സഹോദരൻ എം എ ബേബിയെ പരിഹസിച്ചത്. 'ഇത്രയും തിരക്കുള്ള താങ്കൾ സിനിമയോടുള്ള താൽപര്യം കൊണ്ട് മാത്രം മറ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകൾ കാണാതെ ഈ സിനിമ തന്നെ കാണുകയും അതിനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നുവെന്നത് തികച്ചും അഭിനന്ദനാർഹം തന്നെയാണ്', എന്നായിരുന്നു കുറിപ്പ്. സിനിമ കണ്ടതിനുശേഷം ദിലീപിനെ പുകഴ്ത്തിയതാണ് പരിഹാസത്തിന് വഴിയൊരുക്കിയത്. എം എ ബേബിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

അതിജീവിതയുടെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

അഭിനന്ദനങ്ങൾ ‘ സഖാവേ ’…
ഇത്രയും തിരക്കുള്ള താങ്കൾ സിനിമയോടുള്ള താല്പ്പര്യം കൊണ്ട് മാത്രം മറ്റ് തിയ്യറ്ററുകളിൽ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകൾ കാണാതെ ഈ സമയത്ത് ഈ സിനിമ തന്നെ കാണുകയും അതീനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നു എന്നത് തികച്ചും ‘അഭിനന്ദനാർഹം ’ തന്നെയാണ്. ഇനിയും സിനിമകൾ വരട്ടെ. താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു. അഭിവാദ്യങ്ങൾ.

സാധാരണ ഇറങ്ങുന്ന സിനിമകളിൽനിന്ന് വ്യത്യസ്തമായി കുടുംബസമേതം കാണാൻ പറ്റിയ സിനിമയാണ് ദിലീപ് നായകനായ 'പ്രിൻസ് ആൻഡ് ഫാമിലി'യെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. ഡൽഹി മലയാളികളോടൊപ്പം ചിത്രം തിയേറ്ററിൽ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായി വളരെ പ്രസക്തമായ സന്ദേശം സ്വാഭാവികമായി ഈ സിനിമയുടെ ഉള്ളടക്കത്തിൽനിന്നും കാണികളുടെ മനസിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. എം എ ബേബിയുടെ പ്രതികരണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Content Highlights: family of survivor criticised MA Baby for praising Dileep's film

dot image
To advertise here,contact us
dot image