
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്ന മൊഴിയാണ് പോലീസിനോട് ജോസ് ആവർത്തിച്ചത്. കുട്ടികളുടെ മൊഴിയിലും പ്രാങ്ക് വീഡിയോ എന്നാണ് ആവർത്തിക്കുന്നത്. ഈ മൊഴി പൂർണ്ണമായും ഇപ്പോൾ പോലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കഴിഞ്ഞ 19നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും ഇന്നലെ തന്നെ CWC സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആയതിനുശേഷം ബാലാവകാശ കമ്മീഷൻ വിശദമായ മൊഴി രേഖപ്പെടുത്തും. കൗൺസിലിങ്ങും നടത്തും. ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് പോലീസും കരുതുന്നത്. അതിഭീകരമായ പിതാവിൻ്റെ മർദ്ദനം പ്രാങ്കാണ് എന്ന് വിശ്വസിച്ച് കേസെടുക്കാതിരുന്ന പോലീസ്. റിപ്പോർട്ടർ ടിവി സംഭവം വാർത്തയാക്കിയതിന് പിന്നാലെയായിരുന്നു നടപടി സ്വീകരിച്ചത്.
സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അടങ്ങിയ വാർത്ത റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്തുവിട്ടത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. പിന്നാലെ സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയിരുന്നു. ക്രൂരതയാണ് പിതാവ് കാണിച്ചതെന്നും ഇതൊന്നും തമാശയല്ലെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ജോസ് മുമ്പും മക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു ബന്ധുവും വെളിപ്പെടുത്തിയിരുന്നു.
Content Highlights: Father Brutally Attacked 8-Year-Old Girl in Cherupuzha Police Launch Detailed Investigation