
കല്‍പ്പറ്റ: കാലവർഷം കനക്കുന്നതോടെ സംസ്ഥാനത്ത് പല ജില്ലകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്കേർപ്പെടുത്തി. വയനാട് റെഡ് സോണിനോട് ചേര്‍ന്നതും ദുരന്ത ഭീഷണിയുള്ള പ്രദേശങ്ങളിലും മലപ്പുറത്ത് മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരോധനം ഏർപ്പെടുത്തി. വയനാട്ടിൽ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എടക്കല്‍ ഗുഹ, എന്‍ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാമെന്നുമാണ് നിർദേശം.
മലപ്പുറത്ത് ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോര മേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയതായി ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു. അതേ സമയം, മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുഴകൾ , വെള്ളച്ചാട്ടങ്ങൾ , മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പാലക്കാട് നിരോധിച്ചതായി ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights- Entry ban in these hilly areas of the state