
തിരുവനന്തപുരം: സംസ്ഥാനത്ത് കളളക്കടല്‍ മുന്നറിയിപ്പ്. നാളെ രാത്രി 8.30 വരെ കളളക്കടല്‍ പ്രതിഭാസമുണ്ടാകാം എന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 2.6 മുതല്‍ 3.8 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ അടിക്കും. ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.
സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെതുടര്‍ന്ന് ഉണ്ടാകുന്ന ശക്തമായ തിരമാലകളാണ് കളളക്കടല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണ് കളളക്കടല്‍ പ്രതിഭാസം എന്ന പേരുണ്ടായത്. സുനാമിയുമായി ഏറെ സാമ്യമുണ്ട് കളളക്കടല്‍ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് ഉണ്ടാകുന്നതു പോലെ സമുദ്രം ഉളളിലേക്ക് വലിഞ്ഞശേഷം പിന്നീട് തീരത്തേക്ക് ആഞ്ഞടിക്കുകയാണ് ചെയ്യുന്നത്. സമുദ്രത്തിലുണ്ടാകുന്ന വിവിധ കാലാവസ്ഥാ മാറ്റങ്ങളാണ് കളളക്കടല്‍ പ്രതിഭാസത്തിന് കാരണമായി പറയുന്നത്.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം കരയില്‍ പ്രവേശിക്കും. കൊങ്കണ്‍ തീരത്തിനു മുകളില്‍ രത്‌നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മെയ് 27 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടും.
അതേസമയം, ഇത്തവണ പതിവ് തെറ്റിച്ച് സംസ്ഥാനത്ത് നേരത്തെയാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. പതിനാറ് വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത്. നേരത്തെ 2001-ലും 2009-ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ ഒന്നിനാണ് സാധാരണയായി സംസ്ഥാനത്ത് കാലവര്‍ഷം എത്തുക.
Content Highlights: Swell surge phenomenon warning in kerala