
തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരെന്ന് വിവരം. ഇതില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡ് ഷിപ്പിലെത്തിച്ചു. ക്യാപ്റ്റന്‍ അടക്കം മൂന്നുപേര്‍ അപകടത്തില്‍പെട്ട അതേ കപ്പലില്‍ തന്നെ തുടരുകയാണ്. അപകടത്തില്‍പ്പെട്ട കപ്പല്‍ നിയന്ത്രിക്കുന്നതിനായാണ് ഇവർ കപ്പലിൽ തുടരുന്നത്. ജീവനക്കാര്‍ക്ക് ആര്‍ക്കും നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലായെന്നും സാഹചര്യം നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നിയന്ത്രണത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം.
ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രൈനില്‍ നിന്നുളള രണ്ടുപേർ, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍. മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്‌നറുകളില്‍ ഉളളതെന്നാണ് വിവരം. ഇവ തീരത്തേക്ക് വന്നടിയാന്‍ സാധ്യതയുണ്ടെന്നും ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നുമാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് എവിടെ വേണമെങ്കിലും ഈ പെട്ടികള്‍ അടിയാന്‍ സാധ്യതയുണ്ട്. തൃശൂര്‍, കൊച്ചി, ആലപ്പുഴ കടല്‍തീരങ്ങളിലാണ് സാധ്യത കൂടുതല്‍. ഇവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്‌നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോർട്ട്. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്.
Content Highlights- All 24 crew members, including the captain, were rescued from the stricken ship.