
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. അതേ സമയം, ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതേ സമയം, കേരളത്തിൽ അടുത്ത ആഴ്ച അവസാനത്തേക്ക് കാലവർഷമെത്തുമെന്നാണ് പ്രതീക്ഷ. മേയ് 16 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 27-ാംതീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ നാല് ദിവസം വരെ വൈകാനോ ചിലപ്പോൾ നേരത്തെ എത്താനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു.
Content Highlights- Rain expected in the state from Monday