'കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം'; പിണറായി സർക്കാരിനെ താഴെ ഇറക്കണമെന്ന് രമേശ് ചെന്നിത്തല

ഇനി തന്നെ ആരും മുന്‍ യുഡിഫ് കണ്‍വീനര്‍ എന്ന് വിളിക്കരുതെന്ന് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു

dot image

തിരുവനന്തപുരം: ഇനി കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് 'സണ്ണി ഡേയ്സ്' ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ കാലത്താണ് സണ്ണി ജോസഫ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത് പോലെ വലിയ നേട്ടങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷക്കാലം പാര്‍ട്ടിക്ക് ഉണ്ടായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അത് തുടരാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നും സണ്ണി ജോസഫ് ഒരു വിഭാഗത്തിന്റെ പ്രതിനിധി അല്ലെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രതിനിധിയാണ് സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന് ഒരു ഭാഗ്യതാരകമാണ്. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഭാവി കേരളത്തിന് പ്രതീക്ഷ നല്‍കുന്ന നേതൃത്വമാണ്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നോതാവാണ് എ പി അനില്‍കുമാര്‍. കനത്ത വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ ശക്തമായി നയിച്ചയാളാണ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ എല്ലാ സ്ഥാനങ്ങളും വഹിച്ചൊരാളാണ് എം എം ഹസന്‍. ഹസ്സന്‍ എല്ലാ സമയത്തും നേതൃവൈഭവം കാണിച്ച വ്യക്തിയാണ്', രമേശ് ചെന്നിത്തല പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ച് വരാന്‍ കഴിയണമെന്നും ഒറ്റക്കെട്ടായി നിന്ന് പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെ ഇറക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി തന്നെ ആരും മുന്‍ യുഡിഫ് കണ്‍വീനര്‍ എന്ന് വിളിക്കരുതെന്ന് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. കെപിസിസിയുടെ മുന്‍ പ്രസിഡന്റ് എന്ന പടി കയറുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഏല്‍പ്പിച്ച ചുമതല ഉത്തരവാദിത്തതോടെ ചെയ്യുമെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. യുഡിഎഫിലെ എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എല്ലാവരെയും കൂട്ടി യോജിപ്പിച്ചുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ നമുക്ക് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം എന്ന പ്രസ്ഥാനം കള്ള വോട്ടിലൂടെയാണ് പലപ്പോഴും വിജയിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കള്ള വോട്ട് ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം നടത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും വേണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
സംതൃപ്തിയും സന്തോഷവും അഭിമാനവുമുള്ള നിമിഷമാണെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ടെന്നും നമുക്ക് അത് സാധ്യമാക്കണമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് 2001 ആവര്‍ത്തിക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.

'നമ്മൾ എല്ലാവരും ചേർന്ന് ആവർത്തിക്കാൻ പോകുന്നത് 2001 ആണ്. ആ ഉത്തരവാദിത്തമാണ് നമ്മളെ എല്പിച്ചത്. ഒരു ഓട്ടം അവസാനിച്ച് അടുത്ത ഓട്ടക്കാരനെ തിരയുക അല്ല. കെ സുധാകരൻ എന്ന അധികായന്റെ കയ്യിൽ നിന്നും റിലേ വാങ്ങി ഫിനിഷിങ് പോയിന്റിൽ എത്തിക്കാനുള്ള ചുമതല ആണ്. ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകണം' ഷാഫി പറമ്പില്‍ പറഞ്ഞു.

എന്താണ് സണ്ണി ജോസഫിൻ്റെ പ്രത്യേകത എന്ന് ചോദിച്ചാൽ കോൺഗ്രസ്‌ ഒരിക്കലും അദ്ദേഹത്തിന്റെ വാക്ക് കൊണ്ട് പ്രതിരോധത്തിൽ ആയിട്ടില്ല എന്നതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങളുടെയും യുവജനങ്ങളുടെയും ശബ്ദമായി ഒപ്പം നിന്ന് പ്രവർത്തിക്കുമെന്നും വാക്ക് കൊണ്ടല്ല പ്രവർത്തി കൊണ്ട് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ‌ചാണ്ടി പകർന്നു നൽകിയ ഊർജം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Content Highlights: Ramesh Chennithala reaction on KPCC president

dot image
To advertise here,contact us
dot image